kothamangalam

കോതമംഗലം: ഭിന്നശേഷി മേഖലയിലെ ഗവേഷണപഠന പരിശീലനങ്ങളിൽ യോജിച്ച് പ്രവർത്തിക്കാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും പീസ്‌വാലിയും ധാരണയായി. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. സാബു തോമസും പീസ്‌വാലി ചെയർമാൻ പി.എം അബൂബക്കറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുല്യനീതി, അവസരസമത്വം എന്നിവയിൽ ഊന്നിനിന്നുകൊണ്ടുള്ള എം.ജി യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഭിന്നശേഷി മേഖലയിലേക്ക് കൂടുതലായി എത്തിച്ചേരാൻ പീസ് വാലിയുമായുള്ള കൈകോർക്കലിൽ സാദ്ധ്യമാകുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

യൂണിവേഴ്സിറ്റിയുടെ അന്തർ സർവകലാശാല ഭിന്നശേഷി പഠനകേന്ദ്രവും പീസ് വാലിയിലെ സെന്റർ ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനുമായി ചേർന്ന് ഹ്രസ്വകാല കോഴ്സുകൾ ഉടനെ ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസ് ഡീൻ ഡോ. പി.ടി. ബാബുരാജ് പറഞ്ഞു. നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ്‌വാലിക്ക് കീഴിൽ സാമൂഹിക മാനസിക പുനരധിവാസകേന്ദ്രം, സാന്ത്വന പരിചരണകേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സാ പുനരധിവാസകേന്ദ്രം, കുട്ടികൾക്കുളള പ്രാഥമിക ഇടപെടൽ കേന്ദ്രം, ഡയാലിസിസ് സെന്റർ, കീമോതെറാപ്പി തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ചടങ്ങിൽ പീസ്‌വാലി വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, ഭാരവാഹികളായ ഡോ. മുഹമ്മദ് ഹുസൈൻ, കെ.എച്ച്. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.