ആലുവ: ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഡി.ഇ.ഒ ഇല്ലാത്തത് വിദ്യാർത്ഥികളെയും സ്കൂൾ അധികൃതരെയും വലക്കുന്നു. ആലുവ ഡി.ഇ.ഒയായിരുന്ന കൃഷ്ണദാസ് ഡി.ഡി.ഇയായി പ്രമോഷൻ ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസം 14ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോയി. തുടർന്ന് ആലുവ ഡി.ഇ.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.

ഡി.ഇ.ഒയുടെ പി.എ ഒ. ജയനാണ് താത്കാലിക ചുമതല. സ്കൂൾ കലോത്സവങ്ങൾ നടക്കുന്നതിനാൽ എല്ലാ ഡി.ഇ.ഒമാർക്കും തിരക്കോടുതിരക്കാണ്. വിദ്യാഭ്യാസ ജില്ലാ കലോത്സവങ്ങളിലെ അപ്പീൽ അതോറിട്ടിയും ഡി.ഇ.ഒമാരാണ്. ഇതിന് പുറമെയാണ് ജില്ലയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയുമുള്ളത്. തായിക്കാട്ടുകരയിലെ ഒരു എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെതിരെ പരാതി പറയാൻ രക്ഷിതാക്കൾ ഇന്നലെ ഡി.ഇ.ഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓഫീസിൽ നേരിട്ടെത്തിയപ്പോഴാണ് ഡി.ഇ.ഒ കസേര ഒഴിഞ്ഞുകിടക്കുകയാണെന്നറിഞ്ഞത്.

സ്കൂളിലെ പത്താംക്ലാസ് അദ്ധ്യാപകൻ സ്കൂളിൽ എത്തിയിട്ട് ദിവസങ്ങളായെന്നാണ് രക്ഷിതാക്കളുടെ പരാതി. സ്കൂൾ മാനേജ്മെന്റും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണ് ആരോപണം. അടിയന്തരമായി ഡി.ഇ.ഒയെ നിയമിക്കണമെന്നാണ് ആവശ്യം.