കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് ശക്തമാക്കുന്നത്.

വീടുകളിലെ അലങ്കാരച്ചെടികളിലും പാഴ്വസ്തുക്കളിലും കൊതുക് മുട്ടയിടുന്നത് ഒഴിവാക്കണം. ഉറവിട നശീകരണവുമായി ബന്ധപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചു പ്രത്യേക ബോധവത്കരണങ്ങൾ നടത്തും. ഓഫീസുകൾ കേന്ദ്രീകരിച്ചും ഉറവിട നശീകരണ പ്രവർത്തനങ്ങളുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. അതിഥി തൊഴിലാളി ക്യാമ്പുകളിലും പ്രത്യേക ശ്രദ്ധ നൽകും. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനുള്ള പരിശോധനയും ശക്തമാക്കും, ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സർവെയ്‌ലൻസ് പ്രോഗ്രാമിന്റെ ഏകോപനത്തിന് വിവിധ വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദേശങ്ങൾ നൽകി. പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും കളക്ടർ നിർദേശിച്ചു. ആരോഗ്യജാഗ്രതാ കലണ്ടർ പ്രകാരമുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ശ്രീദേവിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

പകർച്ച വ്യാധികൾ വർദ്ധിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 35 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 131 പേർക്ക് ഡെങ്കിപ്പനി ഉള്ളതായി സംശയിക്കുന്നു. 17 പേരെ എലിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കളമശേരി, കാക്കനാട്, പെരുമ്പാവൂർ, പനങ്ങാട്, നെട്ടൂർ, ചെല്ലാനം, അങ്കമാലി, പാറക്കടവ്, പാലിശേരി, ഞറയ്ക്കൽ, എടത്തല, കാക്കനാട്, തൃക്കാക്കര, ഉദയംപേരൂർ, തൃപ്പൂണിത്തുറ, ചൊവ്വര, തമ്മനം, എടക്കൊച്ചി, കണ്ടക്കടവ്, വടവുകാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

എലിപ്പനി, ഡെങ്കിപ്പനി

വീടുകളിൽ കൊതുക് നശീകരണം ആദ്യം ശ്രദ്ധിക്കണം. മണിപ്ലാന്റുകൾ വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിലെ മലിനജലം എത്തുന്ന ട്രേ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഡെങ്കിപ്പനി ബാധയുണ്ടാകാം. എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഓട വൃത്തിയാക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പനിയോ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ പാടില്ലെന്നും നിർദേശമുണ്ട്.