നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ആശുപത്രി പ്രവർത്തനം താളംതെറ്റിയതിനെത്തുടർന്ന് രോഗികൾ വലയുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊവിഡിന്റെ മറവിൽ ആശുപത്രിയിൽ നിറുത്തലാക്കിയ കിടത്തിച്ചികിത്സ രണ്ടുവർഷമായിട്ടും പുനരാരംഭിച്ചിട്ടില്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയെങ്കിലും ഇതുവരെ കൂടുതൽ ജീവനക്കാരെയും അനുവദിച്ചിട്ടില്ല. ഡോക്ടർമാർ മാത്രമല്ല ആവശ്യത്തിന് പാരാമെഡിക്കൽ ജീവനക്കാരുമില്ല. ആശുപത്രിയുടെ ചുമതലയുള്ള ബ്ളോക്ക് പഞ്ചായത്ത് ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
ആശുപത്രിയുടെ നവീകരണ പ്രവൃത്തിയിലും മതിൽ നിർമ്മാണത്തിലും അഴിമതിയുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും വിഷയത്തിൽ ഇടപെടുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ജനറൽ സെക്രട്ടറി സി സുമേഷ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസന്നകുമാർ എന്നിവർ അറിയിച്ചു.