rail
പുറയാർ ഭാഗത്തെ റെയിൽവേ ട്രാക്കിനിരുവശവും പുല്ലും പടർപ്പുമായി കാട് മൂടിയ നിലയിൽ

നെടുമ്പാശേരി: പുറയാർ മസ്ജിദിന് സമീപം റെയിൽവേ ട്രാക്കിലെ കുറ്റിക്കാടുകളിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായി. ഇവരുടെ

ആക്രമണം ഭയന്നുകഴിയുകയാണ് പരിസരവാസികൾ.

വ്യാഴാഴ്ച രാത്രി മടത്തിലകത്തൂട്ട് മുഹമ്മദിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ട്രാക്കിലെ കുറ്റിക്കാട്ടിൽനിന്ന് സാമൂഹികവിരുദ്ധർ വീടിനുനേരെ കല്ലെറിയുകയായിരുന്നു. ഭീതിയിലായ വീട്ടുകാർ സംഭവമെന്തെന്നറിയാതെ ബഹളംവച്ച് പുറത്തേക്കിറങ്ങിയതോടെ അക്രമികൾ ട്രാക്കിന് തെക്കുവശത്തുള്ള ആലുവ - കാലടി റോഡിൽനിന്ന് ആഡംബര ബൈക്കിൽ രക്ഷപ്പെട്ടു. സമീപവാസികൾ റെയിൽവേ ട്രാക്കിലും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ട്രാക്കിനരികിലെ സുരക്ഷാകൂടിന് സമീപം കല്ലുകൾ സൂക്ഷിച്ചതായി സംശയിക്കുന്ന പ്ലാസ്റ്റിക് ബാഗ് കണ്ടുകിട്ടി. പൊലീസ് അക്രമികളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സന്ധ്യ മയങ്ങിയാൽ പുറയാർ കവലയിലും സമീപങ്ങളിലുമെത്തുന്ന ലഹരിസംഘം കൂകി വിളിക്കുക, ഉച്ചത്തിൽ തെറിപ്പാട്ട് പാടുക, വീടുകൾക്കും, വളർത്തു മൃഗങ്ങൾക്കും നേരെ കല്ലെറിയുക, കൃഷി നശിപ്പിക്കുക തുടങ്ങിയവ പതിവാണ്. ലഹരി പദാർത്ഥങ്ങളുടെ വില്പനയുമുണ്ട്. റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്നവരാണ് സാമൂഹികവിരുദ്ധരുടെ ശല്യത്തിന് കൂടുതൽ ഇരയാകുന്നത്. പൊലീസ് നിർദ്ദേശത്തെത്തുടർന്ന് നാട്ടുകാർ ജാഗ്രതാസമിതി രൂപീകരിച്ചിട്ടുണ്ട്.

കാടുമൂടിയ നിലയിൽ

റെയിൽവേ ട്രാക്കിന് ഇരുവശവും ഏറെദൂരം കാടുമൂടിയ നിലയിലാണ്. രാത്രി ജോലികഴിഞ്ഞ് കാലടി റോഡിൽ ബസിറങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ പുറയാർ ഭാഗത്തേക്ക് പോകാൻ കാടുനീക്കിയാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രാക്കിനരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന ലഹരിസംഘം മാലകവർന്ന് കാലടി റോഡിലെത്തി ബൈക്കിൽ രക്ഷപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കാടുകൾ വെട്ടിത്തെളിക്കണമെന്ന് റെയിൽവേ അധികൃതർക്കും പ്രദേശത്ത് രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് പൊലീസിനും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പാറപ്പുറം പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.