മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കടുവേലി പാടശേഖരത്തിൽ ഞാറ് നടീൽ ഉത്സവം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി പോൾ പൂമറ്റം അദ്ധ്യക്ഷത വഹിച്ചു. മാറാടി കൃഷി ഓഫീസർ ഡിക്‌സൺ, കൃഷി അസിസ്റ്റന്റ് വേണു, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എസ്. ശ്രീശാന്ത്, ജി. മോട്ടിലാൽ, റെജി മൂലങ്കുഴി, സുധീപ് പാലമൂട്ടിൽ, ഒ.സി.ഏലിയാസ്, പഞ്ചായത്ത് മെമ്പർമാരായ സരള രാമൻനായർ, ഷിജിഷാമോൻ എന്നിവർ സംസാരിച്ചു.
മാറാടി ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡിലെ നാലേക്കർ വരുന്ന ഈസ്റ്റ് മാറാടി കടുവേലിപാടശേഖരത്തിൽ കിസാൻസഭയുടെ നേതൃത്വത്തിലാണ് നെൽക്കൃഷി ആരംഭിച്ചത്. 20വർഷമായി തരിശായിക്കിടന്ന പാടശേഖരത്തിൽ നെൽക്കൃഷിക്കായി നിലമൊരുക്കുന്നതിനായി മാലിന്യങ്ങളും ചപ്പ് ചവറുകളുമെല്ലാം നീക്കം ചെയ്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിയിറക്കുന്നതിന് പാകമാക്കി. നടീൽയന്ത്രം ഉപയോഗിച്ച് ഉമ ഇനത്തിൽപ്പെട്ട വിത്തിന്റെ ഞാറാണ് നട്ടത്.
വേനൽക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനായി താത്കാലിക തടയണയും നിർമ്മിച്ചിട്ടുണ്ട്. കിസാൻസഭ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പോൾ പൂമറ്റത്തിന്റെ നേതൃത്വത്തിൽ റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടിൽ, പ്രിൻസ് ആനിക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.