കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് സിറോമലബാർ സഭയിലെ ഒമ്പത് ബിഷപ്പുമാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് കത്തെഴുതി. അനുരഞ്ജനചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിച്ച് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ ശ്രമിച്ചതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന് കത്തിൽ പറയുന്നു.

ആർച്ച് ബിഷപ്പ് ഹൗസിലും കത്തീഡ്രലിലുമുണ്ടായ സംഭവങ്ങൾ ഞെട്ടലും സങ്കടവുമുണ്ടാക്കുന്നതാണെന്ന് ആർച്ച് ബിഷപ്പുമാരായ ആന്റണി കരിയിൽ, കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ തോമസ് ചക്കിയത്ത്, ഗ്രേഷ്യൻ മുണ്ടാടൻ, ഡൊമിനിക് കൊക്കാട്ട്, ജോസ് ചിറ്റൂപ്പറമ്പിൽ, സെബാസ്റ്റ്യൻ എടയന്ത്രത്ത്, എഫ്രേം നരിക്കുളം, ജോസ് പുത്തൻവീട്ടിൽ എന്നിവർ കത്തിൽ പറയുന്നു.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ബസിലിക്കയിൽ പൊലീസ് സംരക്ഷണത്തോടെ കുർബാന ആഘോഷിക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ വഷളാക്കി. പ്രകോപനം പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തും. പ്രതിസന്ധി അവസാനിപ്പിച്ചില്ലെങ്കിൽ അപകടകരമായ പ്രവണത മറ്റിടവകകളിലേക്കും വ്യാപിക്കും. കൂടുതൽ പള്ളികൾ പൂട്ടേണ്ടിവരും.

പരിഷ്‌കരിച്ച കുർബാനരീതിയെ അതിരൂപതയിലെ അഞ്ചു ലക്ഷത്തിലധികം വിശ്വാസികളും 470 വൈദികരും എതിർക്കുകയാണ്. ഒരു വർഷമായ ചെറുത്തുനിൽപ്പ് കാണാതിരിക്കാനാവില്ല. പ്രകോപനങ്ങൾ ഒഴിവാക്കി ചർച്ച തുടരണം. അതിരൂപതയിലും സഭയിൽ മൊത്തത്തിലും സമാധാനം ഇത് പുനരുജ്ജീവിപ്പിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി കത്തിൽ പറയുന്നു.

സംയമനം പാലിക്കണമെന്ന് സഭ

കുർബാന വിഷയത്തിൽ മെത്രാന്മാർക്കിടയിൽ അഭിപ്രായഭിന്നതയും പ്രതിസന്ധിയുമാണെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് സഭാ വക്താവ് അറിയിച്ചു. സഭ ഏല്പിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ ബസിലിക്കയിൽ കുർബാനയർപ്പിക്കാൻ തയ്യാറായ ആൻഡ്രൂസ് താഴത്തിനെ കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല.

സിനഡ് തീരുമാനം നടപ്പാക്കുന്നതിനെതിരായ എതിർപ്പ് പ്രകടിപ്പിക്കാൻ സ്വീകരിക്കുന്ന സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം. എല്ലാവരും ആത്മസംയമനവും പരസ്പര ബഹുമാനവും അനുസരണവും പാലിക്കണം. ബിഷപ്പുമാർ എഴുതിയ കത്ത് പുറത്താക്കിയത് ഉചിതമായില്ലെന്നും സഭാ വക്താവ് അറിയിച്ചു.