കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഷന് സമീപത്ത് നിന്ന് മോഷണം പോയ തേവര എസ്.എച്ച്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പവേൽ സമിതിന്റെ സൈക്കിൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. സൈക്കിൾ തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ച് പവേൽ എഴുതിയ പോസ്റ്റർ വൈറലായതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. ആക്രിപെറുക്കുന്ന ഒരു അന്യസംസ്ഥാനത്തൊഴിലാളിയുടെ വീട്ടിൽ നിന്ന് പുതിയ സൈക്കിൾ പൊലീസ് കണ്ടെത്തിയെങ്കിലും പിന്നീട് ഇതല്ലെന്ന് വ്യക്തമായി. മകന് വാങ്ങി നൽകിയ സൈക്കിളിന്റെ ബില്ല് ഇയാൾ പൊലീസിന് നൽകിയതോടെയാണ് സംശയം നീങ്ങിയത്. നവംബർ 22നാണ് സൈക്കിൾ മോഷണം പോയത്. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പവേൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
ഇഷ്ടപ്പെട്ടുവാങ്ങിയ സൈക്കിൾ നഷ്ടപ്പെട്ടതിന്റെ സങ്കടം സഹിക്കാനാകാതെയാണ് പവേൽ സ്വന്തമായി പേപ്പറിൽ മോഷ്ടാക്കൾക്ക് ഒരു അപേക്ഷ എഴുതി സൈക്കിൾ കാണാതായ സ്ഥലത്ത് പതിച്ചത്.