കൊച്ചി: മാനഭംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി ശരിവച്ചു. പരാതിക്കാരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ശരിവച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ഇതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ തള്ളി.

പല ദിവസങ്ങളിലും ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിലേർപ്പെട്ടതായി യുവതിയുടെ മൊഴിയിലുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാനഭംഗപ്പെടുത്തിയ ആളുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം അസാദ്ധ്യമാണ്. യുവതി ആദ്യം നൽകിയ മൊഴിയിലും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും പീഡനം നടന്നതായി പറഞ്ഞിട്ടുമില്ല. കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹൈക്കോടതിവ്യക്തമാക്കി.

മുൻകൂർജാമ്യം ലഭിച്ചതോടെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരും പരാതിക്കാരിയും ഹർജി നൽകിയത്.