
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ നിന്ന് നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റിന്റെ 036 ബോയിംഗ് 738 വിമാനം ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവുമൂലം പിൻഭാഗത്തെ ചക്രം പുറത്തേക്ക് വരാതിരുന്നതായിരുന്നു പ്രശ്നം. ഇന്നലെ വൈകിട്ട് ആറരയോടെ കൊച്ചിയിലെത്തിയ വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് 7.20ന് സുരക്ഷിതമായി നിലത്തിറക്കിയത്.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ ഹിൽടോപ്പ് റൺവേയിൽ അപകടസാദ്ധ്യത കൂടുതലായതിനാലാണ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇന്ധനഭാരം കുറയ്ക്കാനാണ് ഏറെനേരം പറന്നത്. മൂന്ന് കുട്ടികൾ അടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ലാൻഡിംഗിന് ശേഷം എട്ട് മണിയോടെ യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. ദുബായിൽ നിന്നുള്ള എസ്.ജി 17 വിമാനത്തിൽ യാത്രക്കാരെ കോഴിക്കോട്ട് എത്തിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
എമർജൻസി ലാൻഡിംഗ് വേണ്ടി വരുമെന്നറിഞ്ഞ് നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന മറ്റ് വിമാനങ്ങളെ വഴിതിരിച്ച് വിട്ടതുൾപ്പെടെ ആറ് മണിയോടെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഏത് സാഹചര്യവും നേരിടാൻ സമ്പൂർണ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ആംബുലൻസുകളും രക്ഷാ സംവിധാനങ്ങളും സജ്ജമായി. ആശുപത്രികളിലേക്കുൾപ്പെടെ സന്ദേശങ്ങൾ പാഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ സജ്ജമായിരുന്നെന്ന് സിയാൽ എം.ഡി. എസ്. സുഹാസ് പറഞ്ഞു. എട്ടുമണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും അദ്ദേഹം അറിയിച്ചു.
ഗവർണർ വന്നതടക്കം
10 വിമാനങ്ങൾ തിരിച്ചുവിട്ടു
കൊച്ചിയിലേക്കു വന്ന പത്ത് വിമാനങ്ങൾ കോഴിക്കോട്ടേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ട ശേഷമാണ് സ്പൈസ് ജെറ്റിന്റെ വിമാനത്തിന് എമർജൻസി ലാൻഡിംഗിനുള്ള സാഹചര്യം ഒരുക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ചിരുന്ന വിമാനവും കൂട്ടത്തിലുണ്ടായിരുന്നു. ഗവർണർ വന്ന വിമാനം കോയമ്പത്തൂരിലാണ് ഇറങ്ങിയത്.