മട്ടാഞ്ചേരി: കൊച്ചിയിൽ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ഭക്ഷ്യ ധാന്യങ്ങൾ പിടികൂടിയ പശ്ചാത്തലത്തിൽ ഭക്ഷ്യ വകുപ്പ് കൊച്ചി സിറ്റി റേഷനിംഗ് ഓഫിസ് പരിധിയിലെ റേഷൻ കടകളിൽ വ്യാപക പരിശോധന നടത്തി. പറവൂർ താലൂക്ക് സപ്ളൈ ഓഫിസർ സഹീർ, ആലുവ താലൂക്ക് സപ്ളൈ ഓഫിസർ റിയാസ്, കുന്നത്ത് നാട് താലൂക്ക് സപ്ളൈ ഓഫിസർ അസീസ് എന്നിവരുടെ നേതൃത്വത്തിൽ എട്ട് റേഷനിംഗ് ഇൻസ്പെക്ടർമാർ ഉൾക്കൊള്ളുന്ന സംഘം മൂന്ന് ടീമായി തിരിഞ്ഞായിരുന്നു പരിശോധന. ആറു കടകളിൽ ക്രമക്കേട് കണ്ടെത്തി.

കഴിഞ്ഞ ദിവസം കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ഭക്ഷ്യ ധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ എ.ആർ.ഡി ആറാം നമ്പർ റേഷൻ കട ജില്ലാ താലൂക്ക് സപ്ളൈ ഓഫിസർ സസ്പെൻഡ് ചെയ്തു. ഈ റേഷൻ കടയിലെ കാർഡുകൾ എ.ആർ.ഡി പന്ത്രണ്ടിലേക്ക് ചേർത്തു. അവശ്യ സാധന നിയമപ്രകാരം അറസ്റ്റിലായ ഫോർട്ട്കൊച്ചി തുരുത്തി അമ്പലത്ത് വീട്ടിൽ സുനിൽ ബാബു (45), ഫോർട്ട്കൊച്ചി അമരാവതി മല്ലപറമ്പ് വീട്ടിൽ വിജയൻ (63) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.