കൊച്ചി: മഹാരാഷ്ട്ര സ്വദേശി ആനന്ദ് ദാങ്കറിന്റെ (57)കൈകൾ മരണാനന്തര അവയവദാനത്തിലൂടെ ഇനി മറ്റൊരാൾക്ക് തുണയാകും. സൂറത്തിലെ സിവിൽ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ച അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ച ആനന്ദിന് വ്യാഴാഴ്ച രാത്രിയിൽ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടർന്ന് മരണാനന്തര അവയവദാനത്തിന് ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക എയർ ആംബുലൻസിലാണ് കൈകൾ കൊച്ചിയിലെത്തിച്ചത്.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശിയായ 30 വയസുള്ള യുവാവിനാണ് കൈകൾ തുന്നിച്ചേർക്കുന്നത്. അമൃതയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച തന്നെ സൂറത്തിലേക്ക് തിരിച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച കൈകൾ ആംബുലൻസിൽ റോഡ് മാർഗം അമൃത ആശുപത്രിയിലെത്തിച്ചു. വൈദ്യുതാഘാതമേറ്റ് കൈകൾ നഷ്ടമായ രാജസ്ഥാൻ സ്വദേശിയിൽ പുതിയ കൈകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ രാത്രി വൈകിയും തുടരുകയാണ്. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. കിഷോർ, ഡോ. ജനാർദ്ദനൻ, ഡോ. ജിമ്മി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.