light
മിഴിതുറക്കാത്ത വഴിവിളക്കുകളിൽ ഒന്ന്

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വഴിവിളക്കുകൾക്ക് അകാലചരമം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും പ്രയോജനം കണ്ടില്ല. ചിലയിടങ്ങളിൽ കണ്ണടഞ്ഞ വഴിവിളക്കുകൾ മിഴിതുറക്കുന്നേയില്ല. പല വാർഡുകളിലും മാസങ്ങളായി വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതിയുണ്ട്. ഉൾപ്രദേശങ്ങളിലും കോളനികളിലും ഇടറോഡുകളിലുമാണ് വഴിവിളക്കുകൾ തെളിയാതെ കിടക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കത്തുന്നത് അപൂർവമാണ്.

*വിളക്കുകൾ തെളിയാത്തതിന് കാരണങ്ങൾ നിരവധി

ഇരുട്ടിയാൽ തനിയെ തെളിയുകയും വെളിച്ചം വന്നാൽ കെടുന്ന സാങ്കേതിക വിദ്യയിലാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. ഈ സാങ്കേതികവിദ്യ തകരാറാകുന്നതും വിളക്ക് തെളിയാത്തതിന് പിന്നിലുണ്ട്. വഴിവിളക്കുകൾ അ​റ്റകു​റ്റപ്പണികൾ നടത്തി പുന:സ്ഥാപിക്കുമെന്ന് അധികൃതർ കാലങ്ങളായി പറയുന്നുണ്ടെങ്കിലും തുടർനടപടിയൊന്നുമില്ല.

എന്നാൽ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ തെളിയുന്നില്ലെന്ന പരാതികളിൽ കാലതാമസമില്ലാതെ അ​റ്റകു​റ്റപ്പണി നടത്താറുണ്ട്. എന്നാൽ ഇവയും ഇടയ്ക്കിടെ പണിമുടക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളോട് പ്രദേശവാസികൾ പരാതി പറയുന്നുണ്ടെങ്കിലും അവരും നിസഹായരാണ്. ഈ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ഒരു തവണ മാത്രമാണ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയത്.
വഴിവിളക്കുകൾ മിഴിതുറക്കാതായതോടെ പല പ്രദേശങ്ങളിലും രാത്രിയായാൽ കൂരാക്കൂരിരിട്ടാണ്. തുലാവർഷം ശക്തമാകുകയും ഇടറോഡുകളിൽ പുല്ലുകൾ നിറയുകയും ചെയ്തതോടെ പാമ്പുശല്യവും വ്യാപകമാണ്.

*ഇരുട്ടായാൽ റോഡിലൂടെ യാത്ര കഠിനം

ഇതിനുപുറമെയാണ് രാത്രികാലങ്ങളിൽ വർദ്ധിച്ചുവരുന്ന രൂക്ഷമായ നായ, സാമൂഹ്യവിരുദ്ധശല്യവും മോഷ്ടാക്കളുമുള്ളത്.
പകൽസമയത്തുപോലും നായ്ക്കൾ കൂട്ടംകൂടിയെത്തി അക്രമം നടത്തുമ്പോൾ രാത്രിയായാൽ പലപ്പോഴും പുറത്തിറങ്ങാൻപോലും പ​റ്റാത്ത അവസ്ഥയിലാണ്. പല ഇടറോഡുകളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. അതിനാൽ ചളിയും വെള്ളവും നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുട്ടായാൽ യാത്രചെയ്യാനും കഴിയുന്നില്ല. പലതവണ ഇക്കാര്യം പഞ്ചായത്ത് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് പരാതി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.

പരാതി ലഭിച്ചാൽ

ഉടനെ നടപടി

വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നത് ആധുനിക വാഹനത്തിന്റെ സഹായത്തോടെയാണ്. വാഹനം എത്താൻ കഴിയാത്ത ചിലയിടങ്ങളിൽ മാത്രമാണ് പരാതിയുള്ളത്. അത് വൈകാതെ പരിഹരിക്കും. മറ്റിടങ്ങളിൽ പരാതി ലഭിച്ചാൽ ഉടനടി നടപടി എടുക്കും.

പഞ്ചായത്ത് അധികൃതർ