കൊച്ചി: കൊവിഡ് മഹാമാരി തീർത്ത രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചിയുടെ കാലാമാമാങ്കമായ ബിനാലെ വീണ്ടുമെത്തുന്നു. അഞ്ചാമത് കൊച്ചി–മുസിരിസ് ബിനാലെ 12ന് ആരംഭിക്കും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ലോകമെങ്ങുമുള്ള കലാസ്വാദകർ ഇനി കൊച്ചിയിൽ തമ്പടിക്കും. ഫോർട്ടുകൊച്ചിയിലും എറണാകുളത്തും വിവിധ വേദികളിലായി നടക്കുന്ന കലാമേള ഏപ്രിൽ 12 ന് സമാപിക്കും. 2020 ഡിസംബറിൽ നടത്താനിരുന്ന അഞ്ചാംപതിപ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഉപേക്ഷിച്ചത്. 'ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും' എന്നതാണ് ഇത്തവണ ബിനാലെയുടെ വിഷയം.
ചിത്രകാരിയും എഴുത്തുകാരിയുമായ ഷുഭഗി റാവുവാണ് ക്യുറേറ്റർ. 35 രാജ്യങ്ങളിൽ ബിനാലെകൾ ഉൾപ്പെടെ കലാപ്രദർശനങ്ങൾ സന്ദർശിച്ചാണ് അവർ കൊച്ചി ബിനാലെ രൂപകല്പന ചെയ്തത്.
90 കലാപ്രതിഭകളാണ് ഇത്തവണ ബിനാലെയ്ക്കെത്തുന്നത്. ഇരുനൂറിലേറെ കലാസൃഷ‌്ടികൾ ആസ്വാദകർക്കായി ഒരുങ്ങും. ഇന്ത്യയ്ക്കു പുറമെ ലെബനൻ, ഫ്രാൻസ്, ടർക്കി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, മലേഷ്യ, പലസ്തീൻ, പെറു, നെതർലൻഡ്സ്, ചിലി, സ്‌പെയിൻ, സിംഗപ്പൂർ, പോളണ്ട്, കാനഡ, യു.കെ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണാഫ്രിക്ക, കെനിയ, സ്വീഡൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിൻലൻഡ്, അൾജീരിയ, നേപ്പാൾ, ഇന്തോനേഷ്യ, ഈജിപ്ത്, ജർമ്മനി, ഫിലിപ്പൈൻസ്, മ്യാൻമർ, യുക്രെയിൻ, നൈജീരിയ, ജപ്പാൻ, മെക്‌സിക്കോ, പോർച്ചുഗൽ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്ന് കലാസംഘമെത്തും.
* വേദികൾ
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ഒൻപത് വേദികളാണ് ബിനാലെയ്ക്കായി ഒരുങ്ങുന്നത്. ഫോർട്ടുകൊച്ചിയിലെ ആസ്പിൻവാൾ ഹൗസ്, ആനന്ദ് വെയർഹൗസ്, ഡേവിഡ് ഹാൾ, പെപ്പർ ഹൗസ്, കാബ്രൽ യാർഡ്, കാശി ടൗൺ ഹൗസ്, മാപ്പ് പ്രൊജക്ട് ടി.കെ.എം വെയർഹൗസ്, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി എന്നിവയാണവ. മുൻ വർഷങ്ങളിലെ പോലെ സ്റ്റുഡന്റ്‌സ് ബിനാലെ, പ്രഭാഷണങ്ങൾ, ചലച്ചിത്രപ്രദർശനം എന്നിങ്ങനെ നിരവധി കലാസാംസ്‌കാരിക പരിപാടികൾ എല്ലാ ദിവസവും അരങ്ങേറും.
* ടൂറിസത്തിന്റെ വസന്തകാലം
കൊവിഡിൽ തളർന്ന ടൂറിസം മേഖലയ്ക്ക് ബിനാലെ നവോന്മേഷം നൽകുമെന്നാണ് പ്രതീക്ഷ. ഫോർട്ടുകൊച്ചി ബീച്ച്, ചീനവലകൾ, ഡച്ച് സെമിത്തേരി, സെന്റ് ഫ്രാൻസിസ് പള്ളി, ബാസ്റ്റ്യൻ ബംഗ്ലാവ്, നെഹ്റു പാർക്ക്, മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് എന്നിങ്ങനെയുള്ള കാഴ്ചകളും കൊച്ചിൻ കാർണിവലുമെല്ലാം സഞ്ചാരികൾക്ക് പുതുമയാകും. 2018ൽ നടന്ന ബിനാലെയിൽ ആറു ലക്ഷം പേർ പങ്കെടുത്തെന്നാണ് കണക്ക്. ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ചെറുകിട കച്ചവടക്കാർ, വാഹന ഉടമകൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും വരുമാനമുണ്ടാകുന്ന കാലമാണിത്.