കൊച്ചി: വൈദികൻ എന്നതിനപ്പുറം ആദ്ധ്യാത്മിക, വൈജ്ഞാനിക, സാംസ്കാരിക മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഫാ. എ. അടപ്പൂർ. പരന്ന വായനയും ആഴത്തിലുള്ള അറിവും വിശകലവൈദഗ്ദ്ധ്യവും വ്യക്തമായ നിലപാടും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സഭയ്ക്കുള്ളിലെ ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. കൊച്ചി കേന്ദ്രമായി ദീർഘകാലം പ്രവർത്തിച്ചു.
കോഴിക്കോട്ട് വിശ്രമജീവിതം നയിക്കുന്നതിനിടെ 97 ാം വയസിലാണ് ഫാ. എ. അടപ്പൂർ നിര്യാതനായത്. മൂവാറ്റുപുഴ ആരക്കുഴയിലിലാണ് അദ്ദേഹം ജനിച്ചത്. അവിരാച്ചൻ എന്നായിരുന്നു വിളിപ്പേര്. അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പോടെ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. അദ്ധ്യാപകനായും പ്രവർത്തിച്ചു. വേദങ്ങളും ഉപനിഷത്തുകളും പഠനവിഷയമാക്കിയിരുന്നു. ഇന്ത്യൻ സാംസ്കാരിക പൈതൃകത്തോട് അടുപ്പവും ബഹുമാനവും പുലർത്തിയിരുന്നു.
കലൂരിലെ ജ്യോതിസ് അദ്ദേഹത്തിന്റെ കൊച്ചിയിലെ പ്രവർത്തന കേന്ദ്രമായിരുന്നു. വിപുലമായ ലൈബ്രറി ഉൾപ്പെടെ അദ്ദേഹം ഒരുക്കി. സാംസ്കാരികരംഗങ്ങളിലെ പ്രമുഖരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചു. മികച്ച വ്യക്തികളെ ആദരിക്കാനും ശ്രദ്ധവച്ചു. കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്ണവാര്യർ, ജി. ശങ്കരക്കുറുപ്പ്, സി. സുബ്രഹ്മണ്യം തുടങ്ങിയ എഴുത്തുകാർ അദ്ദേഹത്തിന്റെ ഉറ്റസ്നേഹിതരായിരുന്നു.
മികച്ച എഴുത്തുകാരനായിരുന്നു. റോമിലെ സേവനകാലത്ത് കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ലേഖനങ്ങളും മറ്റും നൽകിരുന്നു. സഭയിൽ വലിയ മാറ്റങ്ങൾ വരുത്തിയ രണ്ടാം വത്തിക്കാൻ കൗൺസിൽ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും അവസരം ലഭിച്ചു. മദർ തെരേസയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയത് എ. അടപ്പൂരാണ്. ഏഴകളുടെ തോഴികൾ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവാർഡുകളും നേടിയിട്ടുണ്ട്.
സഭ നേരിട്ട പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തന്റേതായ അഭിപ്രായങ്ങൾ അറിയിക്കാൻ മടിച്ചിരുന്നില്ലെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. സഭയ്ക്കുള്ളിൽ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു. സിറോമലബാർ സമീപകാലത്തുണ്ടായ ഭിന്നപ്പുകളിൽ ഖിന്നനായിരുന്നു അദ്ദേഹം.
മതസൗഹാർദ്ദം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായിരുന്നു. മതാന്തര സൗഹാർദ്ദങ്ങൾ അദ്ദേഹം സൂക്ഷിച്ചു. ഇതരമതങ്ങളെക്കുറിച്ച് പഠിക്കാനും തയ്യാറായി. പാശ്ചാത്യ, ഭാരതീയ സമൂഹങ്ങളിലെ ഭൗതികവത്കരണം എന്ന വിഷയത്തിൽ ഗവേഷണം നടത്തി അദ്ദേഹം നേടിയ ഡോക്ടറേറ്റ് പ്രബന്ധവും മതാന്തര സംസ്കാരന്തര സംവാദം ആവശ്യമാണെന്ന് വിവരിക്കുന്നതാണ്.