പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് മുന്നോടിയായി നീർത്തടങ്ങളിൽ നീരറിവ് യാത്ര നടത്തി. പദ്ധതിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് യാത്ര സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണവും നവീകരണവും മണ്ണ് ,ജല സംരക്ഷണ പ്രവൃത്തികളും മഴക്കുഴി, കയ്യാല നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.
വാച്ചാൽ, മാന്തോട്, അകനാട് എളമ്പകപ്പിള്ളി, പുഞ്ചക്കുഴി, ആലാട്ടുചിറ എന്നീ നീർത്തടങ്ങളിൽ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത അഞ്ചുവർഷത്തേക്ക് പഞ്ചായത്തിലെ അഞ്ച് നീർത്തടങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായി 30 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ജലസ്രോതസുകൾ സംരക്ഷിക്കുകയും സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കുകയും ചെയ്യുന്നതിലൂടെ ജലക്ഷാമം പരിഹരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.വി. സുനിൽ, ജിജി ശെൽവരാജ്, പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ്, ശശികല രമേശ്, ബിന്ദു കൃഷ്ണകുമാർ, സിനി എൽദോ, നിതാ പി.എസ്, സന്ധ്യാ രാജേഷ്, ഹരിഹരൻ പടിക്കൽ, മരിയ മാത്യു, ചിഞ്ചു സാബു ആന്റണി എന്നിവർ പങ്കെടുത്തു.