 
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപത്തെ മാലിന്യം നിറഞ്ഞുകിടന്ന പൊതുകിണർ നവീകരണം ആരംഭിച്ചു. 'എടയപ്പുറത്തെ പൊതുകിണർ സംരക്ഷിക്കാനാളില്ല' എന്ന തലക്കെട്ടിൽ 'കേരളകൗമുദി'യിൽ വന്ന വാർത്തയെത്തുടർന്നാണ് പഞ്ചായത്ത് കഴിഞ്ഞ ബഡ്ജറ്റിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.
പഞ്ചായത്തിലെ മൂന്ന് പൊതുകിണറുകളുടെ നവീകരണത്തിനായി 4.9 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവച്ചിരുന്നത്. ഇതിന്റെ ആദ്യത്തെ കിണറിന്റെ നവീകരണമാണ് തുടങ്ങിയത്. എടയപ്പുറം റോഡിനും സബ് കനാൽ റോഡിനോടും അഭിമുഖമായുള്ള പൊതുകിണർ കാടുകയറിയും മാലിന്യംവീണും നശിച്ചുകിടക്കുകയായിരുന്നു.
സമീപവാസി പാറപ്പുറത്ത് പരേതനായ കൃഷ്ണൻ ആറുപതിറ്റാണ്ടുമുമ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കിണർ കുഴിച്ചത്. കടുത്തവേനലിലും വറ്റാത്ത കിണറിൽനിന്ന് സമീപവാസികൾ ആറുവർഷംമുമ്പുവരെ വെള്ളം ശേഖരിച്ചിരുന്നു. കടുത്ത വേനലിൽ കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോഴാണ് പൊതുകിണർ മാലിന്യം നിറഞ്ഞ് കിടന്നിരുന്നത്.
കിണർ സംരക്ഷണത്തിനായി ബി.ജെ.പി പ്രക്ഷോഭവും നടത്തിയിരുന്നു. ഗുരുതേജസ് കവലയിലെ കിണർ പൊതുമരാമത്ത് വകുപ്പ് റോഡ്നിരപ്പാക്കിയാണ് നവീകരിക്കുന്നത്. നേരത്തെ വെള്ളം കോരമെങ്കിൽ നാല് അടിയിലേറെ ഉയരത്തിലേക്ക് കയറണമായിരുന്നു. ലോഡ് കണക്കിന് മണ്ണ് നീക്കിയാണ് റോഡ് നിരപ്പാക്കിയത്.