ആലുവ: ആലുവ മുനിസിപ്പൽ പാർക്ക് നവകീരണഫണ്ട് ലഭ്യമാക്കുന്നതിന് മുനിസിപ്പൽ ചട്ടം ലംഘിച്ചതിനാൽ സെക്രട്ടറി വിയോജിപ്പറിയിച്ചിട്ടും തീരുമാനത്തിൽനിന്ന് പിൻമാറാതെ ഭരണപക്ഷം. ഇന്നലെ നടന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ഭരണപക്ഷത്തിന്റെ നടപടിക്രമങ്ങളിലെ തെറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.

അപ്പോളോ ടയേഴ്സിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് അനുവദിച്ച 31,13,300 രൂപയും നഗരസഭയുടെ പ്ളാൻഫണ്ടിൽനിന്നും 19,93,000 രൂപയും ചെലവഴിച്ച് പാർക്ക് നവീകരിക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരുന്നത്. നഗരസഭ അനുവദിച്ച പ്ളാൻഫണ്ട് ആദ്യം അപ്പോളോയുടെ സി.എസ്.ആർ വിഭാഗത്തിന് കൈമാറണം. തുടർന്ന് അപ്പോളോയുടെ മേൽനോട്ടത്തിൽ പാർക്കിന്റെ നവീകരണംനടത്തും. ഈ വ്യവസ്ഥപ്രകാരമുള്ള കരാർ ഒപ്പിടുന്നതിന് അനുമതിക്കായിരുന്നു അടിയന്തര കൗൺസിൽ. നഗരസഭ പ്ളാൻഫണ്ട് മറ്റൊരു സ്ഥാപനത്തിന് മുൻകൂർ നൽകാൻ കഴിയില്ലെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടും കൗൺസിൽ തീരുമാനം മതിയെന്ന നിലപാടുമായി ഭരണപക്ഷം മുന്നോട്ടുപോകുകയായിരുന്നു.

സെക്രട്ടറിയുടെ അഭിപ്രായത്തോട് പ്രതിപക്ഷത്തെ എൽ.ഡി.എഫും ബി.ജെ.പിയും യോജിച്ചെങ്കിലും ഭരണപക്ഷം നിലപാട് മാറ്റിയില്ല. മാത്രമല്ല, ഗാർഡൻ നവീകരണം മാത്രമാണ് പദ്ധതിയിലുള്ളത്. ഇലക്ട്രിഫിക്കേഷന് പണം വകയിരുത്തിയിട്ടുമില്ല. വൈകിട്ട് തുറക്കുന്ന പാർക്കിൽ ഇരുട്ടിൽ എന്ത് പ്രയോജനമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. എഗ്രിമെന്റ് പഠിക്കുന്നതിന് സമയംപോലും അനുവദിക്കാത്ത ഭരണപക്ഷ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.