മൂവാറ്റുപുഴ: മുനിസിപ്പൽ അതിർത്തിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും സ്റ്റാൻഡുകൾക്കും നമ്പർ നൽകുന്നതിന് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.
ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം ക്രമപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. സമീപ പഞ്ചായത്തുകളിൽനിന്നും മറ്റും അനധികൃതമായി സർവീസിന് എത്തുന്ന ഓട്ടോറിക്ഷകൾ നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് സാധാരണമാണ്. രാത്രിയിൽ സർവീസ് നടത്തുന്ന ഇത്തരം ചില വാഹനങ്ങൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരോട് മോശം പെരുമാറ്റം നടത്തുന്ന സംഭവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരക്കാരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷക്ക് പ്രത്യേക നമ്പർ നൽകുകവഴി ഇതിന് പരിഹാരമാകും. സ്റ്റാൻഡുകൾക്ക് നമ്പർ നൽകുകവഴി അനധികൃത പാർക്കിംഗ് ഒഴിവാക്കാനാകും. സംയുക്ത ട്രേഡ് യൂണിയൻ സമർപ്പിക്കുന്ന പട്ടികയിൽനിന്ന് നമ്പർ നൽകേണ്ട
ഓട്ടോറിക്ഷകൾ തിരഞ്ഞെടുക്കും. തൊഴിലാളികളുടെ വെരിഫിക്കേഷൻ അതാത് സ്റ്റാൻഡുകളിൽ കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തും. 15 ന് മുമ്പ് ഇതിനായി അപേക്ഷ സമർപ്പിക്കണം. നടപടികൾ പൂർത്തിയാക്കുന്നതോടെ നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗര സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താൻ അനുവദിക്കില്ല.