
വൈപ്പിൻ: മുനമ്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്‌സ്‌മെന്റ് രാത്രി നടത്തിയ പരിശോധനയിൽ ചെറു മത്സ്യങ്ങളുമായി ബോട്ട് പിടിയിലായി. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കിംഗ് 2 എന്ന ബോട്ടാണ് പിടിയിലായത്. ലീഗൽ സൈസ് ഇല്ലാത്ത 3000 കിലോ കിളിമീൻ ബോട്ടിൽ നിന്ന് കണ്ടെടുത്തു. 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിലുണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 1.54 ലക്ഷം രൂപ സർക്കാരിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു. വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.ഐ വി. ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്, റെസ്‌ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ജസ്റ്റിൻ, ഉദയരാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർ നടപടികൾ സ്വീകരിച്ചു.