ഫോർട്ടുകൊച്ചി: പുതുവത്സരാഘോഷത്തിരക്ക് മുന്നിൽക്കണ്ട് പശ്ചിമ കൊച്ചിയിൽ നിയന്ത്രണങ്ങൾക്കൊരുങ്ങി അധികൃതർ.ഡിസംബർ 31,ജനുവരി ഒന്ന് തിയതികളിലാണ് നിയന്ത്രണങ്ങളുണ്ടാവുക .
31 രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന നിയന്ത്രണം രണ്ടാം തിയതി രാവിലെ വരെ നീളും. ഈ സമയങ്ങളിൽ പശ്ചിമകൊച്ചി ഒഴികെ ഇതര പ്രദേശങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളെ തോപ്പുംപടി ബി.ഒ.ടി പാലം കടത്തിവിടില്ല.ഈ വാഹനങ്ങൾ ഐലൻഡ് പ്രദേശത്ത് പാർക്ക് ചെയ്യണം. സ്വകാര്യ യാത്രാ ബസുകൾക്ക് നിയന്ത്രണം ബാധകമല്ല. 31ന് വൈകിട്ട് മുതൽ കെ.എസ്.ആർ.ടി.സി.ബസുകൾ ഷട്ടിൽ സർവീസ് നടത്തും. ഇതിന് പുറമേ അരൂർ പാലം,ചെല്ലാനം വഴി വരുന്നരുടെ വാഹനങ്ങളും തോപ്പുംപടിയിലും മാനാശേരിയിലും തടയും. അവയ്ക്ക് തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും പാർക്ക് ചെയ്യാം. 31 മുതൽ വൈപ്പിനിൽ നിന്ന് ആളുകളെ മാത്രമേ റോ -റോയിൽ പ്രവേശിപ്പിക്കൂ. പശ്ചിമകൊച്ചി നിവാസികളാണെങ്കിൽ അവർ രേഖകൾ കാണിച്ചാൽ വാഹനം കയറ്റിവിടും. ഫോർട്ടുകൊച്ചിയിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾക്ക് റോ റോ ജെട്ടിവഴി പോകാൻ അനുവദിക്കില്ല. ഫോർട്ട്കൊച്ചി കമാലക്കടവിൽ നിന്ന് ആസ്പിൻ വാൾ ജംഗ്ഷൻ വരെ വലിയ വാഹനങ്ങളും അനുവദിക്കില്ല. കമാലക്കടവിൽ നിന്നുള്ള വാഹനങ്ങൾ നമ്പർ 18 ഹോട്ടലിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രി വഴി വേണം പോകേണ്ടത്.