
കോഴിക്കോട് : ദാർശനികനും എഴുത്തുകാരനും വാഗ്മിയുമായ ഫാ. അബ്രഹാം അടപ്പൂർ എസ്.ജെ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് നാലുമുതൽ ക്രൈസ്റ്റ് ഹാളിൽ പൊതുദർനത്തിനു വയ്ക്കും. സംസ്‌കാരം നാളെ രാവിലെ 10.30ന് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ. എറണാകുളം ജില്ലയിലെ ആരക്കുഴയിൽ 1926 ജനുവരി എട്ടിനായിരുന്നു ജനനം. മാതാപിതാക്കളായ ജോൺ അടപ്പൂരും മറിയാമ്മ ജോണും കോതമംഗലം രൂപതയിലെ അടപ്പൂർ കുടുംബാംഗങ്ങളാണ്. സഹോദരങ്ങൾ: എ.ജെ. ജോസഫ്, എ.ജെ. ജോർജ്, ജോണി ജോൺ, സിസ്റ്റർ സിസിലി ജോൺ, ഡോ. ഫ്രാൻസിസ് ജോൺ, ആഗ്നസ്സ് ചിറ്റിലപ്പിള്ളി, തോമസ് ജോൺ.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1944 ജൂൺ 27 ന് ഈശോസഭയിൽ ചേർന്നു. 1959 മാർച്ച് 19 ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഈശോസഭാ സുപ്പീരിയർ ജനറലിന്റെ ക്യൂരിയയിൽ റീജിയണൽ സെക്രട്ടറിയായും എറണാകുളം ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സുപ്പീരിയറായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴു വർഷക്കാലം ആംഗ്ലിക്കൻ കത്തോലിക്ക അന്തർദേശീയ കമ്മിഷനിലെ അംഗമായിരുന്നു. 1981ൽ കേരളത്തിൽ തിരിച്ചെത്തിയശേഷം ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്ഷര ശുശ്രൂഷയിലും സാംസ്‌കാരിക പ്രഭാഷണങ്ങളിലും വ്യാപൃതനായി. 2020 ജൂൺ മുതൽ വിശ്രമത്തിനും കൂടുതൽ ചികിത്സാ സൗകര്യങ്ങൾക്കും ശുശ്രൂഷകൾക്കുമായി കോഴിക്കോട് ക്രൈസ്റ്റ് ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു.
എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. പൊതു വിഷയങ്ങളിൽ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും തന്റെ നിലപാടുകൾ അവതരിപ്പിച്ചു. 22 പുസ്തകങ്ങളുടെ കർത്താവാണ്. മലയാളം, ഇംഗ്ലീഷ്, ലത്തീൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. സാഹിത്യരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.