പറവൂർ: വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച യാത്രാനിരക്കിൽ ഇളവ് നൽകാതെ സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കുന്നതായി പരാതി. മോട്ടോർ വാഹനവകുപ്പ് ഏപ്രിൽ 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പതിനാറ് ഫെയർ സ്റ്റേജുകളിലായി നാൽപത് കിലോമീറ്റർവരെ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യാം. പരമാവധി നിരക്ക് ആറ് രൂപയാണ്.

രണ്ടര കിലോമീറ്റർ വരുന്ന മിനിമം ദൂരത്തിന് സാധാരണ ചാർജ് പത്ത് രൂപയും വിദ്യാർത്ഥികൾക്ക് ഒരു രൂപയുമാണ്. പറവൂർ മേഖലയിലെ ചില സ്വകാര്യ ബസുകാർ ഈ മിനിമം അംഗീകരിക്കുന്നില്ല. ഈ ബസുകളിൽ മിനിമം രണ്ട് രൂപയാണ്. പറവൂരിൽനിന്ന് ഏഴിക്കരയിലേക്കുള്ള ചാർജ് പതിനെട്ട് രൂപയാണ്. വിദ്യാർത്ഥികൾ മൂന്നുരൂപ നൽകിയാൽ മതി. എന്നാൽ അഞ്ചുരൂപയാണ് വാങ്ങുന്നത്. മാലിപ്പുറത്തുനിന്ന് കുന്നുകര എം.ഇ.എസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് പറവൂർവരെ നാല് രൂപയും പറവൂരിൽനിന്ന് കോളേജുവരെ മൂന്നുരൂപയും നൽകിയാൽ മതി. എട്ടും അഞ്ചും രൂപയാണ് ഇപ്പോൾ വാങ്ങുന്നത്. പ്രതിദിനം പന്ത്രണ്ട് രൂപ അധികമായി വാങ്ങുന്നതായാണ് പരാതി. ടിക്കറ്റ് നിരക്കിനെക്കുറിച്ച് അറിവുള്ള വിദ്യാർത്ഥികൾ ചോദിച്ചാൽ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. പറവൂർ ജോയിന്റ് ആർ.ടി.ഒയിൽനിന്ന് വിവരാവകാശ നിയമപ്രകാരം വാങ്ങിയെടുത്ത ഔദ്യോഗിക നിരക്ക് ചാർട്ട് സഹിതം ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.