 
മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പിതൃതർപ്പണപ്രസിദ്ധമായ തീർത്ഥക്കരയിൽ പുതുതായി നിർമ്മിച്ച സുകൃതം തീർത്ഥമണ്ഡപത്തിന്റെ സമർപ്പണം ക്ഷേത്രമേൽശാന്തി ശ്രീകുമാരൻ ഇളയത് നിർവഹിച്ചു. അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ്കുമാർ, തീർത്ഥക്കരയിലെ പുരോഹിതൻ നാരായണൻ ഇളയത്, സനാതന സ്കൂൾ ഒഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ്മ, ക്ഷേത്ര കുടുംബാംഗങ്ങളായ സുമേഷ് ശർമ്മ, സൂരജ് ശർമ്മ എന്നിവരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. കുത്തുവിളക്കിന്റെയും നാമഘോഷങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം തീർത്ഥക്കരയിലെ യോഗീശ്വരനെയും തിരുകുളമ്പിലെ തീർത്ഥസ്ഥാനത്തേയും വലംവച്ച് സുകൃതം തീർത്ഥമണ്ഡപത്തിലെത്തി ദീപം തെളിച്ചാണ് സമർപ്പണം നടത്തിയത്.
ഒരേസമയം 350 പേർക്ക് ബലിയിടാൻ ഈ മണ്ഡപത്തിൽ സൗകര്യമുണ്ട്. എല്ലാ ദിവസവും ബലിയിടുവാൻ സൗകര്യമുള്ള ചുരുക്കം തീർത്ഥസ്ഥാനങ്ങളിൽ ഒന്നാണ് തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ തീർത്ഥക്കര.