മൂവാറ്റുപുഴ : മുനിസിപ്പൽ കെട്ടിടങ്ങളിലെ അന്യായവാടകവർദ്ധനവിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കും.
പി .ഡബ്ളു.ഡി നിരക്കിൽ വാടക വർദ്ധിപ്പിക്കണമെന്നാവശ്യപെട്ട്ക ഴിഞ്ഞ ജൂലായിൽ നഗരസഭ വ്യാപാരികൾക്ക് നോട്ടീസ് നൽകിയതിനെത്തുടർന്ന്
പലവട്ടം ചർച്ച നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിക്കുന്നതെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്
അജ്മൽ ചക്കുങ്ങൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ ഷോപ്പുകൾ ഒഴിച്ച് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കടഅടപ്പ് സമരത്തിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വ്യാപാരികൾ നഗരസഭ ഓഫീസുന ഉപരോധിക്കും.
ക്രമാതീതമായ വാടക വർദ്ധനവിനെതിരെ വ്യാപാരികൾ കഴിഞ്ഞ ജൂലായ്‌മുതൽ പലഘട്ടങ്ങളിലായി സമരം നടത്തിയിരുന്നു. സമരങ്ങൾ തീർക്കുന്നതിനായി യു.ഡി.എഫ് നേതൃത്വം അടക്കം ഇടപെട്ട് നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളൊന്നും പാലിക്കാൻ ചെയർമാൻ അടക്കമുള്ളവർ തയ്യാറായില്ല. പി.ഡബ്ല്യു.ഡി നിരക്കിന് സമാനമായി വാടക ഉയർത്തുന്നതിന് വ്യാപാരികൾ എതിരല്ല. എന്നാൽ അതിനായി സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ യഥാർത്ഥത്തിലുള്ളതല്ല. വലിയ നിരക്ക് ഈടാക്കുന്നതിനായി കെട്ടിടങ്ങളുടെ നിർമ്മാണച്ചെലവും അളവും പെരുപ്പിച്ചു കാണിച്ചിരിക്കുകയാണ്. സ്റ്റേഡിയം കോംപ്ലക്സിലെ മുറികളുടെ നിർമ്മാണ സമയത്തുള്ള അളവിലല്ല വാടക കണക്കാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള വഴിയും ഗോവണിയും പരിസരപ്രദേശങ്ങളും വാടക കണക്കാക്കുന്നതിനുള്ള അളവിനായി ഉപയോഗിച്ചിരിക്കുകയാണ്. 352 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള മുറിക്ക് നഗരസഭ ചാർജ് ചെയ്തിരിക്കുന്നത് 626 സ്ക്വയർ മീറ്റർ നിരക്കാണ്. സമാനമായി എല്ലാ കോംപ്ലക്സുകളിലും ഈ രീതിയാണ്അവലംബിച്ചിരിക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ, കമ്മിറ്റി അംഗങ്ങളായ പി.എച്ച്. ഫൈസൽ, കെ.എം. ഹാരീസ്, സലിം പാലം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.