കൊച്ചി: മുൻകൂട്ടി അറിയിക്കാതെ സർവീസ് റദ്ദാക്കിയതിന് യാത്രക്കാരായ ദമ്പതികൾക്ക് വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. വെണ്ണല സ്വദേശികളായ ജോർജ് മാമ്പിള്ളിയും മറിയാമ്മയും നൽകിയ പരാതിയിൽ എയർ ഏഷ്യ 50,000 രൂപ നഷ്ടപരിഹാരവും അധിക യാത്രച്ചെലവായി 1,900 രൂപയും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാനാണ് ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതിയുടെ ഉത്തരവ്.
പരസഹായം ആവശ്യമായ ഇവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കേണ്ട ബാദ്ധ്യത വിമാന കമ്പനിക്കുണ്ടെന്ന് കോടതി വിലയിരുത്തി. മെൽബണിൽ നിന്നുള്ള യാത്രയ്ക്കിടെ ക്വാലലംപുർ വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്കു 30 മണിക്കൂറോളം കൊച്ചി വിമാനത്തിനായി കാത്തിരിക്കേണ്ടിവന്നു. വിവരം മുൻകൂട്ടി അറിയിക്കാനോ ശാരീരിക വെല്ലുവിളി നേരിടുന്ന യാത്രക്കാരിക്ക് സൗകര്യങ്ങളൊരുക്കാനോ കമ്പനിക്കു കഴിഞ്ഞില്ല. പരസഹായം ആവശ്യമായവർക്ക് ഭക്ഷണവും താമസ സൗകര്യവും ഉറപ്പാക്കേണ്ട ബാദ്ധ്യത വിമാന കമ്പനിക്കുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.