കളമശേരി: കളമശേരി നഗരസഭാ ഭരണം നിലനിർത്താൻ യു.ഡി.എഫും അട്ടിമറിക്കാൻ എൽ.ഡി.എഫും അണിയറയിൽ കരുനീക്കങ്ങൾ സജീവമാക്കി. ലീഗ് വിമതനായി ജയിച്ച് യു.ഡി.എഫിനൊപ്പം നിന്നിരുന്ന കെ.എച്ച്.സുബൈർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് സ്ഥിതിഗതികളെ സങ്കീർണമാക്കിയത്. സുബൈർ ഇടത് മുന്നണിക്കൊപ്പം ഉറച്ചുനിന്നാൽ യു.ഡി.എഫ് ഭരണസമിതി നിലംപൊത്താനുള്ള സാധ്യതയേറെയാണ്.

ഇന്ന് 11 മണിക്കാണ് അവിശ്വാസ പ്രമേയചർച്ച. 42 അംഗ കൗൺസിലിൽ 20 അംഗങ്ങളുള്ള യു.ഡി.എഫ് വിട്ടു നിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇന്ന് ചെയർപേഴ്സൺ സീമാ കണ്ണനെതിരെയും നാളെ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കറിനെതിരെയും അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും നടക്കും. കെ.എച്ച്.സുബൈർ എൽ.ഡി.എഫിനൊപ്പം ചേരുമ്പോൾ അവരുടെ അംഗബലം 21 ആകും. എന്നാൽ കെ.എച്ച്.സുബൈർ

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെയ്ക്കാത്തത് യു.ഡി.എഫിന് നേരിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി അംഗം പ്രമോദ് തൃക്കാക്കരയുടെ നിലപാടാണ് ഇരുകൂട്ടരും ഉറ്റുനോക്കുന്നത്. ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് പ്രമോദ് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും പരസ്യമാക്കിയിട്ടില്ല. അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്ന് പ്രമോദ് തൃക്കാക്കര ഒഴിഞ്ഞുനിന്നാൽ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടെന്നും മറിച്ചായാൽ സി.പി.എം - ബി.ജെ.പി സഖ്യമെന്നും ആരോപണം ഉയരാൻ സാദ്ധ്യതയുണ്ട്. അതിനാൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയും വോട്ടെടുപ്പിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കാനുമാണ് സാദ്ധ്യത.