
തൃക്കാക്കര: ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന് മുന്നോടിയായ കേക്ക് വിപണി സജീവമായി. അവശ്യ സാധനങ്ങളുടെ വില ഉയർന്നത് കേക്കിന്റെ വിലയെയും ബാധിച്ചു. മുൻകാലങ്ങളിൽ ഒരുകിലോ അരക്കിലോ തൂക്കത്തിലായിരുന്നു കേക്കുകൾ. പിന്നീട് 950, 450 ഗ്രാമുകളിലായി. ഇപ്പോൾ 900, 400 ഗ്രാമുകളിലായി വീണ്ടും കുറഞ്ഞു. തൂക്കം കുറയുമ്പോഴും വില കൂടിക്കൊണ്ടേയിരുന്നു.
കേക്കിന് പുറത്ത് തൂക്കം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവരും അത് ശ്രദ്ധിക്കാറില്ല. ഏറെ പ്രിയം പ്ലം കേക്കിന് തന്നെ. തൊട്ടുപിന്നിൽ മാർബിൾ കേക്കും. പിന്നീട് വാനില, ചോക്ലേറ്റ്, സ്ട്രോബറി, പൈനാപ്പിൾ , കാരറ്റ് എന്നിവയാണ്. പുതിയ രുചികളിൽ പ്രത്യേക രൂപങ്ങളിലാണിവയെല്ലാം. സ്പെഷ്യൽ പ്ലം, റിച്ച് പ്ലം, റോയൽ പ്ലം എന്നിങ്ങനെ വിവിധ കമ്പനി കേക്കുകൾ ചെറുകിട ബേക്കറികളിൽ പോലും എത്തുന്നുണ്ട്. 140 മുതൽ 400 രൂപ വരെയാണ് ഇവയുടെ വില. നാടൻ ബോർമ കേക്കുകൾക്കും ഡിമാൻഡുണ്ട്.