പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ നിയമനനടപടികൾ സുതാര്യമായാണ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പത്രപരസ്യം നൽകുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

സർക്കാർ മാർഗനിർദേശമനുസരിച്ച് ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചായിരുന്നു നിയമനനടപടികളെന്നും പ്രസിഡന്റ് പറഞ്ഞു. നിയമനത്തിൽ അപാകത ചൂണ്ടിക്കാട്ടി ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. തൊഴിലുറപ്പ് വേതനം 15 ദിവസത്തിനകം തൊഴിലാളികൾക്ക് നൽകണമെന്ന് സർക്കാർ നിർദേശമുള്ളതിനാൽ ഓവർസിയർ നിയമനം നടത്താതിരിക്കാനാവില്ല. നിയമനത്തെ എതിർക്കുന്നവർ തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതിനെയാണ് തടസപ്പെടുത്തുന്നതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.