run

കൊച്ചി: നാലായിരത്തിലധികം അത്‌ലറ്റുകൾ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ സാന്നിദ്ധ്യം...കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ഏജസ്‌ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് (എ.എഫ്.എൽ.ഐ) കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിൽ കേരളത്തിന് അഭിമാനനേട്ടം. മലയാളി താരങ്ങളായ ഇ.ജെ.ജോസഫും ഗൗരിയും ചാമ്പ്യൻപട്ടം ചൂടി. 42.2 കിലോ മീറ്റർ 3 മണിക്കൂ‌ർ 55 സെക്കൻ‌ഡിൽ ഫിനിഷ് ചെയ്താണ് ജോസഫ് ഒന്നാമനായത്. വനിതകളിൽ 4 മണിക്കൂർ 31 മിനിറ്റ് 21 സെക്കൻഡിൽ ഗൗരി മത്സരം പൂർത്തിയാക്കി. ഇന്നലെ പുലർച്ചെ മൂന്നരയ്ക്ക് സച്ചിൻ ടെൻഡുൽക്കർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാരത്തണിന്റെ ഭാഗമായി.

കൊവിഡിന് തുടർന്ന് രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തിയ മാരത്തണിൽ ആയിരത്തിലധികം വനിതകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 4000ലധികം പേരാണ് മാറ്റുരച്ചത്. 1700ഓളം പേർ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു. പോളിടെക്‌നിക്ക് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ജോബി മൈക്കിൾ സൗജന്യമായി പരിശീലിപ്പിച്ച കുട്ടികളും മാരത്തണിൽ പങ്കെടുത്തു. വിജയികൾക്ക് സച്ചിൻ ടെൻഡുൽക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു. മാരത്തണിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

"ഓടാനെത്തിയവരുടെ പരിശ്രമവും കൊച്ചിയിലെ ആൾക്കൂട്ടത്തിന്റെ ഊർജ്ജവും മാരത്തണിനെ കൂടുതൽ ജനപ്രിയമാക്കി"
സച്ചിൻ ടെൻഡുൽക്കർ