ഫോർട്ടുകൊച്ചി: മുസിരിസ് ബിനാലെയുടെ ഫോർട്ടുകൊച്ചി മുതൽ മട്ടാഞ്ചേരി വരെയുള്ള 13 വേദികളിലെ മുന്നൊരുക്കങ്ങൾ മേയർ അഡ്വ.എം. അനിൽകുമാർ, കെ.ജെ.മാക്‌സി എം.എൽ.എ, ജില്ലാ കളക്ടർ ഡോ.രേണുരാജ് എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി.

ബീനാലെ വേദികളിലെ ശുചീകരണത്തിന് നഗരസഭ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്ത് താത്കാലികമായി ബയോ ടോയ്‌ലറ്റുകളും സ്ഥാപിക്കും. കടൽതീരത്തെ പായൽ നീക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് നേതൃത്വം നൽകും. ഫോർട്ടുകൊച്ചി സൗത്ത് ബീച്ച് ഭാഗത്തെ തകർന്ന ടൈലുകൾ പുനഃസ്ഥാപിക്കുന്നതിനും റോ-റോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചു. ബിനാലെ സീസണിൽ പൊലീസ് പട്രോളിംഗ്, വഴിവിളക്കുകൾ, സി.സി.ടി.വി. കാമറ എന്നിവ ഉറപ്പാക്കും. സന്ദർശകരെ സഹായിക്കാൻ കൂടുതൽ സൈൻ ബോർഡുകളും ഹെൽപ്പ് ഡെസ്‌കുകളും സ്ഥാപിക്കും. അടുത്ത ശനിയാഴ്ച പ്രദേശത്തെ ജനപ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഹോം സ്റ്റേ ഓണേഴ്‌സ് അസോസിയേഷൻ എന്നിവരെ പങ്കെടുപ്പിച്ച് എം.എൽ.എ. യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുമെന്നും മേയർ അറിയിച്ചു.

ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ സി.എസ്.എം.എൽ സി.ഇ.ഒ എസ്. ഷാനവാസ്, മട്ടാഞ്ചേരി എ.സി.പി അരുൺ കെ. പവിത്രൻ, ബിനാലെ ഫൗണ്ടേഷൻ പ്രതിനിധികളായ ബോസ് കൃഷ്ണമാചാരി, ബോണി തോമസ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.