നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം റോഡിൽ മേൽപ്പാലത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിലും സുഹൃത്തിനെ പരിക്കേറ്റ നിലയിലും കണ്ടെത്തി. പറവൂർ വാണിയക്കാട് പൂവത്തുപറമ്പിൽ ഹംസയുടെ മകൻ അൻസലാ (26) ണ് മരിച്ചത്. പറവൂർ തത്തപ്പിള്ളി സ്വദേശി ധർമ്മജ (31)നെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ റെയിൽപാളത്തിൽ ഇരിക്കുമ്പോൾ ട്രെയിനിടിച്ചതാണെന്ന് കരുതുന്നു. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് പരിക്കേറ്റ ധർമ്മജൻ പൊലീസിനോട് പറഞ്ഞത്. അൻസലിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: സൗജത്ത്. സഹോദരങ്ങൾ: അജ്മൽ, അൻസാർ.