കോലഞ്ചേരി: വടവുകോട് ബ്ളോക്ക് കേരളോത്സവത്തിൽ വിധി നിർണയത്തെച്ചൊല്ലി തർക്കം, ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കൈയാങ്കളി. പഞ്ചായത്തുതല കേരളോത്സവത്തിൽ പങ്കെടുത്ത് വിജയികളായവരാണ് ഇവിടെ മത്സരിച്ചത്. വിധി നിർണയത്തെക്കുറിച്ച് തുടക്കംമുതലേ വ്യാപകപരാതി ഉയർന്നിരുന്നു. അതിനിടയിൽ മത്സരാർത്ഥികൾക്ക് അപ്പീൽ നൽകാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതോടെ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

സർക്കാർ നിർദ്ദേശമനുസരിച്ച് മത്സര വിധിനിർണയത്തിൽ അപ്പീൽ ലഭിച്ചാൽ കമ്മിറ്റി ഉടനെ യോഗംചേർന്ന് അപ്പീൽ പരിഗണിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ കമ്മിറ്റി ചെയർമാനായ പ്രസിഡന്റടക്കം സ്ഥലത്തില്ലാതിരുന്നതോടെ അപ്പീലുകാർക്ക് നീതി ലഭിച്ചില്ലെന്നാണ് ആക്ഷേപം. വിവിധ മത്സരങ്ങളിൽ വിജയിച്ചതായി പ്രഖ്യാപിച്ചവർക്കല്ല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതെന്ന് മത്സരാർത്ഥികൾ ആരോപിക്കുന്നു.

സിനിമാ സീരിയൽതാരം മനോജ് ഗിന്നസടക്കം പങ്കെടുത്ത വേദിയിൽ നാമമാത്രമായ ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്. സി.ആർ. പ്രകാശ്, സോണിയ മുരുകേശൻ എന്നിവർ യോഗം ബഹിഷ്കരിച്ചു. ഏതാനും ചില പഞ്ചായത്തിലെ മത്സരാർത്ഥികൾക്ക് വഴിവിട്ട് സഹായം ചെയ്തെന്നാണ് യോഗം ബഹിഷ്കരിച്ച പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്. ഒടുവിൽ അഞ്ച് മത്സര ഇനങ്ങൾക്ക് മാത്രം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് യോഗം അവസാനിപ്പിച്ചു.

പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്കിടയിലാണ് കേരളോത്സവം നടന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലാതെയാണ് ബ്ളോക്ക് പഞ്ചായത്ത് ഭരണം മുന്നോട്ടുപോകുന്നത്. ഉത്തരവാദിത്വപ്പെട്ട പ്രസിഡന്റടക്കമുള്ളവരുടെ അലംഭാവമാണ് പ്രശ്നം സങ്കീർണമാക്കിയതെന്നാണ് ആരോപണം. അപ്പീൽ നടപടികൾ പൂർത്തിയാക്കിയശേഷമേ ഫലം പ്രഖ്യപിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.