ആലുവ: പള്ളിയിൽ കുർബാനക്കെത്തിയ ദമ്പതികളുടെ വാഹനത്തിൽ നിന്നു നഷ്ടമായ പണവും രേഖകളുമടങ്ങിയ ബാഗ് 15 മിനിറ്റിനകം സമീപത്തെ പറമ്പിൽ നിന്ന് കണ്ടെത്തി നൽകി ആലുവ പൊലീസിന്റെ മിന്നൽ ആക്ഷൻ. പള്ളിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10,000 രൂപ നഷ്ടമായെങ്കിലും ഉടമക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.
ആലുവ പൊലീസ് സ്റ്റേഷന് മുൻവശത്തെ തൃക്കുന്നത്ത് സെമിനാരിപ്പള്ളിയിൽ ഇന്നലെ രാവിലെ 9.15ന് കുർബാനക്കെത്തിയ ആലുവ കമ്പനിപ്പടി കൂട്ടുമ്മേൽകരയിൽ പി.ആർ.എ 77ൽ ജവഹർ മാത്യുവിന്റെ ബൊലേറോ കാറിൽ നിന്നാണ് ബാഗ് മോഷ്ടിച്ചത്. 10,000 രൂപക്ക് പുറമെ രണ്ട് മൊബൈൽ ഫോൺ, മൂന്ന് ആധാർ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പാൻകാർഡ്, സ്കോഡ കാറിന്റെ താക്കോൽ, വീടിന്റെ താക്കോൽ എന്നിവ ഉണ്ടായിരുന്നു.
ജവഹറിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഇരുവരും പ്രാർത്ഥന കഴിഞ്ഞ് 10.15ഓടെ പുറത്തിറങ്ങി വാഹനത്തിൽ കയറിയപ്പോഴാണ് ബാഗ് നഷ്ടമായതറിഞ്ഞത്. ഉടൻ തൊട്ടടുത്തുള്ള ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. പൊലീസ് ബാഗിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ബെല്ലടിച്ചു. ലോക്കേഷൻ പരിശോധിച്ചപ്പോൾ 150 മീറ്റർ ചുറ്റളവിലാണെന്ന് മനസിലായതോടെ പൊലീസിലെ ഒരു സംഘം മോഷ്ടാവിനെ തെരഞ്ഞ് റെയിൽവ സ്റ്റേഷൻ ഭാഗത്തെ കള്ള് ഷാപ്പ് പരിസരത്തേക്ക് പാഞ്ഞു. മറ്റൊരു സംഘം പള്ളി പരിസരത്ത് തെരഞ്ഞു. പത്ത് മിനിറ്റിനകം സെമിത്തേരി പരിസരത്തെ വാഴത്തോട്ടത്തിൽ നിന്ന് പൊലീസിന് ബാഗ് കിട്ടി. ബാഗിനകത്തുണ്ടായ ലേഡീസ് ബാഗിലാണ് പണവും 10,000 രൂപയും സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടമായിട്ടുണ്ട്.
സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ കാറിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു യുവാവിനെ കണ്ടെത്തി. പണവും കാർഡുകളും ഒഴികെയുള്ളവയെല്ലാം തിരികെ ലഭിച്ചതിനാൽ ജവഹർ രേഖാമൂലം പരാതി നൽകിയില്ല. പൊലീസിനെ അഭിനന്ദിച്ച് ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. സി.ഐ എൽ. അനിൽകുമാർ, എസ്.ഐമാരായ അനൂപ്, മുഹസിൻ, വി.എൽ. ആനന്ദ്, സി.പി.ഒ മുഹമ്മ് അമീൻ എന്നിവർ ചേർന്നാണ് ബാഗ് കണ്ടെത്തിയത്.