തൃപ്പൂണിത്തുറ: ചൂരക്കാട് മുനിസിപ്പൽ കോംപ്ലക്സിന് മുന്നിൽ നിർമ്മിച്ച ബസ് ഷെൽട്ടർ നോക്കുകുത്തിയാകുന്നു. മേൽക്കൂരയില്ലാത്ത ഏറെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പ്രദേശത്ത് ഉള്ളപ്പോഴായിരുന്നു വെയർ ഹൗസ് കോർപ്പറേഷന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിക്കാൻ വേണ്ടി നിലവിലെള്ള ബസ് ഷെൽട്ടറിൽ നിന്ന് വെറും പത്ത് മീറ്റർ മാത്രം മാറി പുതിയതിന് അനുമതി നൽകിയത്.

മുനിസിപ്പൽ കോംപ്ലക്സിലെ എട്ട് അടിയോളമുള്ള കാർ പാർക്കിംഗ് സ്ഥലത്താണ് ബസ് ഷെൽട്ടർ നിർമ്മിച്ചത്. എന്നാൽ ഇതുവരെ ഇവിടെ ബസ് നിർത്തി യാത്രക്കാരെ കയറ്റിയിട്ടില്ലെന്ന വിചിത്രമായ വസ്തുതയും നിലനിൽക്കുന്നു.

പോസ്റ്റ് ഓഫീസ്, ഗ്രാമീണ വായനശാല, കരിയർ ഡെവലപ്മെന്റ് സെന്റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ കൂടാതെ 25 ഓളം കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമുച്ചയത്തിൽ പാർക്കിംഗിന് സൗകര്യമില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണ് സമുച്ചയത്തിന്റെ മുൻഭാഗത്ത് ഉപയോഗമില്ലാത്ത ബസ് ഷെൽട്ടർ സ്ഥാപിച്ചത്.

കോംപ്ലക്സിന്റെ പുറകുവശത്ത് നിർമ്മിച്ച പുതിയ വാട്ടർ ബോട്ടിലിംഗ് പ്ലാന്റും അനുബന്ധ ഡിസ്പെൻസിംഗും യൂണിറ്റും പാർക്കിംഗിന്റെ ഏറെ സ്ഥലം അപഹരിക്കുന്നുണ്ട്. കൂടാതെ പാർക്കിംഗിന് വിലങ്ങു തടിയായി കോൺക്രീറ്റിൽ നിർമ്മിച്ച രണ്ട് ചാരു ബഞ്ചുകളും സമുച്ചയത്തിന്റെ മുൻ ഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്നു.

വൈക്കം റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തെ ഒരു ബസ് ഷെൽട്ടർ പൊളിച്ച് പാതയുടെ വികസനം സാധ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.