കൊച്ചി: സ്വപ്ന പദ്ധതികളിലൊന്നായ സ്പോർട്സ് ഹബ്ബിന്റെ ആദ്യചുവടുവയ്പ്പിനൊരുങ്ങി ജി.സി.ഡി.എ. കൾസൾട്ടൻസിയുമായി ബന്ധപ്പെട്ട് യു.സി കോളേജിലെ സ്പോർട്സ് മാനേജ്മെന്റുമായുള്ള കൂടിയാലോചന ഇന്നു നടക്കും. ധാരണയായാൽ സർക്കാർ അനുമതിക്കുള്ള നടപടികളിലേക്ക് കടക്കും. പദ്ധതി വേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്രിക്കറ്റ്, ഫുട്ബാൾ, ഹോക്കി, വോളിബാൾ തുടങ്ങി എല്ലാ കായിക ഇനങ്ങളും സ്പോർട്സ് ഹബ്ബിലുണ്ടാകും. ചെറിയ ക്ലബ്ബുകളെയും മാപ്പിംഗിൽ ഉൾപ്പെടുത്തും.

കൊച്ചിയിൽ 20 ഗ്രൗണ്ടുകളെങ്കിലും നിർമ്മിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. അത്യാധുനിക രീതിയാലാകും നിർമ്മാണം. എല്ലാ കായിക ഇനങ്ങളും പരിശീലിക്കാനാകും.നിലവിലെ ഗ്രൗണ്ടുകളുൾപ്പെടെ പുതുക്കിപ്പണിയുന്നതും പദ്ധതിയുടെ ഭാഗമാണ്. സ്‌പോർട്‌സ് ഹബ്ബുകളായി ഗ്രൗണ്ടുകളെ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ജി.സി.ഡി.എയുടെ പരിഗണയിലുണ്ട്. രൂപരേഖ ഉടൻ തയ്യാറാക്കും.