shashi-tharoor

കൊച്ചി: വിഴിഞ്ഞത്ത് സമവായമാണ് വേണ്ടതെന്നും ഇതിന് സർക്കാരിന്റെയും സമരസമിതിയുടെയും ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്നും ശശി തരൂർ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖനിർമാണം നിറുത്തിവയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നും​ ഇതൊഴികെയുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗത്തും തീവ്രനിലപാട് സ്വീകരിക്കരുതെന്നാണ് തന്റെ ആഗ്രഹം. മത്സ്യത്തൊഴിലാളികൾ വികസനവിരുദ്ധരോ ദേശവിരുദ്ധരോ അല്ല. വിഷയത്തിൽ ഇടപെടാൻ ഒരു എം.പിക്ക് പരിമിതികളുണ്ട്. ഇതിൽ സംസ്ഥാന കേന്ദ്രസർക്കാരാണ് എന്തെങ്കിലും ചെയ്യേണ്ടത്. വിഴിഞ്ഞം പദ്ധതി വന്നാൽ രാജ്യത്തിന് ഗുണമാണ്. ഇതിന് അനാവശ്യതടസങ്ങൾ പാടില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് ടി.പത്മനാഭൻ പറഞ്ഞ കാര്യത്തെപ്പറ്റി അറിയില്ല. എൻ.സി.പിയിലേക്ക് തന്നെ സ്വാഗതം ചെയ്യണമെങ്കിൽ പോയാലല്ലേ അതിന് പറ്റൂവെന്നും അദ്ദേഹം ചോദിച്ചു. പി.സി.ചാക്കോയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നേരിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.