mla

കോലഞ്ചേരി: കേരള ആം റെസ്ലിംഗ് അസോസിയേഷന്റെ ആദ്യ റസിഡൻഷ്യൽ അക്കാഡമി കോലഞ്ചേരിയിൽ പ്രവർത്തനം തുടങ്ങി. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമിക്ക് ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനപ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, എം.ഒ.എസ്.സി മെഡിക്കൽകോളേജ് സെക്രട്ടറി ജോയ് പി. ജേക്കബ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോജി ഏളൂർ, വൈസ് പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട്, ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി,​ ജോഷി ഫ്രാൻസിസ്, കെ.എഫ്. നോബി, തോമസ്ഏളൂർ, രഞ്ജിത്ത് രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യയിൽ എവിടെ നിന്നുമുള്ള കായികതാരങ്ങൾക്കും ഇവിടെ സൗജന്യമായി താമസിച്ച് പരിശീലനം നേടാം. എല്ലാമാസത്തെയും രണ്ടാമത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വനിതകൾക്കും അവസാനത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുരുഷന്മാർക്കും പരിശീലനം നൽകും.