p

 ആളുകളെ നായ്ക്കൾ ആക്രമിക്കുന്നത് നിത്യസംഭവം

കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം. വാർഡ് 13ൽ പൂമല - തലപ്പുഞ്ച മേഖലകളിലാണ് ആക്രമണകാരികളായ തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. പ്രദേശവാസികൾ, ഇരുചക്ര വാഹനയാത്രികർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർ വൻഭീതിയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇരുചക്രവാഹനത്തിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയവർ നിരവധി. ക്ഷീരകർഷകരുടെ പശുക്കൾ, ആടുകൾ, കോഴികൾ എന്നിവയെ തെരുവുനായ്ക്കൂട്ടം കടിച്ചുകീറിയ സംഭവങ്ങളും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

പൂമല - ഓടയ്ക്കാലി റോഡ്, തലപ്പുഞ്ച - പൂമല റോഡ്, ഓടയ്ക്കാലി - തലപ്പുഞ്ച - മേതല കല്ലിൽ റോഡ് എന്നിവിടങ്ങളിലാണ് നായശല്യം രൂക്ഷം. മേതല ഹൈസ്കൂൾ, പ്ലസ്ടു സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ നിരവധിവട്ടം തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. തലപ്പുഞ്ച ട്രാൻസ്ഫോർമർ കവലയിൽ ബസിറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥികൾക്കെതിരെ നായ്‌ക്കൾ കുതിച്ചടുത്തു. സമീപത്തെ വീടിന്റെ മതിൽചാടി കടന്നാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. വിദ്യാർത്ഥികളെ ബസ്റ്റോപ്പിൽ എത്തിച്ച് മാതാപിതാക്കളാണ് ഇപ്പോൾ തിരികെ വീട്ടിലെത്തിക്കുന്നത്.

പ്രദേശമാകെ വിഹാരകേന്ദ്രം

പ്രശസ്ത തീർത്ഥാടനകേന്ദ്രമായ കല്ലിൽ ഭഗവതി ക്ഷേത്രം (ഒറ്റക്കൽ ഗുഹാ ക്ഷേത്രം), ഓടയ്ക്കാലി സെന്റ് മേരീസ് പള്ളി, തലപ്പുഞ്ച മഹാദേവക്ഷേത്രം, വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രം, ജറുശലേം സെന്റ്പീറ്റേഴ്സ് ചാപ്പൽ, രാമപുരത്തമ്പലം, ഓടയ്ക്കാലി - മേതല - വായ്ക്കര സ്കൂളുകൾ എന്നിവ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു.

അശമന്നൂർ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി, സുഗന്ധതൈല ഗവേഷണ കേന്ദ്രം, മൃഗാശുപത്രി എന്നിവിടങ്ങളിലേക്കുള്ള വഴികളിലും ശല്യം അതിരൂക്ഷം.