കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്വം ഹൈക്കോടതിയുടെ മേൽ കെട്ടിവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. പ്രശ്ന പരിഹാരത്തിനായി സർക്കാരടക്കമുള്ള കക്ഷികളിൽ നിന്ന് നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് സിംഗിൾ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം. മുല്ലശേരി കനാലിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്ന നടപടി വൈകുന്നതിലെ ആശങ്ക കോടതി പ്രകടിപ്പിച്ചു. എത്രനാൾ മുല്ലശേരി കനാൽ ഇങ്ങനെ തുറന്നിടാനാകുമെന്ന് വാക്കാൽ ചോദിച്ചു. പൈപ്പ് മാറ്റത്തിന് റീടെണ്ടർ വേണ്ടിവരുമെന്നും നടപടി വൈകുമെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു. ഇതിൽ നടപടി വൈകുകയാണെങ്കിൽ വിഷയം പരിഗണിക്കുന്നതിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് കോടതിയും പറഞ്ഞിരുന്നു. ഇന്നലെ ഹർജികൾ വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടി. തുടർന്ന് ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.