തൃക്കാക്കര: ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പരിശോധനകളും ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റ അദ്ധ്യക്ഷതയിൽ ചേർന്ന നർകോട്ടിക്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും പശ്ചാത്തലത്തിലാണ് നടപടികൾ കൂടുതൽ കർശനമാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. ഹോംസ്റ്റേ നടത്തിപ്പുകാർ മുറിയെടുക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പുകളുടെ കോ - ഓഡിനേഷൻ കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചു. കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ സ്‌കൂൾ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ധാരണയായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ റെസിഡന്റ്സ് അസോസിയേഷനുകൾക്കൊപ്പം വിവിധ എൻ.ജി.ഒകളെയും സഹകരിപ്പിക്കും. പാഴ്‌സൽ സർവീസ് വഴി ലഹരി ഇടപാടുകൾ നടക്കുന്നത് തടയാൻ പ്രത്യേക ശ്രദ്ധ നൽകും. സേവനദാതാക്കൾ പാഴ്‌സൽ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കണം. ഓൺലൈൻ യോഗത്തിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, ഫോറസ്റ്റ്, പൊലീസ്, സി.ഐ.എസ്.എഫ്, കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ്‌സ് കൺട്രോൾ ബ്യൂറോ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

# ലഹരി ഇടപാടുകൾ തടയുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടോൾ ഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കും

# ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ 112 (ടോൾ ഫ്രീ), 99959 66666 (യോദ്ധാവ്) എന്നീ നമ്പറുകളിൽ വിവരം അറിയിക്കാം.