പള്ളുരുത്തി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ടെട്രാപോഡ് നിർമാണം 75 ശതമാനം പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചത്.
ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശങ്ങളെ കടൽ ക്ഷോഭ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ കടൽ ഭിത്തി നിർമാണത്തിന് സാധിച്ചു. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലാണ് ടെട്രാപോഡ് നിർമാണം. കടൽക്ഷോഭം കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 98000 ടെട്രാപോഡുകൾ ഇതുവരെ നിർമ്മിച്ചുകഴിഞ്ഞു. ഇതിൽ 95000 ടെട്രാപോഡുകൾ സ്ഥാപിച്ചു. ജലസേചന വകുപ്പിനു കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് വേണ്ടി പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ് ചെല്ലാനത്ത് ടെട്രാപോഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സർവീസ് സൊസൈറ്റിയാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. ഇതിനായി എരമല്ലൂരിൽ കോൺക്രീറ്റ് മിക്‌സിംഗ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 2023 ഏപ്രിലിന് മുൻപായി 7.32 കിലോമീറ്റർ കടൽഭിത്തി നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വാക് വേ നിർമാണവും പുരോഗമിക്കുന്നുണ്ട്. ടെട്രാപോഡ് നിർമാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കും. രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കൽ അന്തിമ ഘട്ടത്തിലാണ്. രണ്ട് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ 10 കിലോമീറ്ററിലധികം ദൂരത്തിലെ കടൽത്തീരത്തിന് സംരക്ഷണമാകും.