കൊച്ചി: പൊതുവിദ്യാലയത്തിൽ ഭിന്നശേഷിക്കാരെ മറ്റു കുട്ടികളോടൊപ്പം ഉൾക്കൊള്ളിച്ചുള്ള അദ്ധ്യാപനരീതികളിൽ പ്രായോഗിക മാതൃകകൾ വികസിപ്പിക്കണമെന്ന് കേരള അക്കാഡമിക് ഫ്രറ്റേണിറ്റി പ്രഥമ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. എസ്.സി.ഇ.ആർ.ടി, ഡയറ്റ് എന്നിവിടങ്ങളിൽ നിന്നു വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയാണ് അക്കാഡമിക് ഫ്രറ്റേണിറ്റി. ശ്രദ്ധാവൈകല്യം, പഠനവൈകല്യം, ബുദ്ധിപരായ വെല്ലുവിളികൾ എന്നിവയുള്ള മൂന്നരലക്ഷത്തോളം കുട്ടികളും മറ്റു ഭിന്നശേഷിക്കാരും പൊതുക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുമ്പോൾ സാധാരണ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി അവലംബിക്കണം. അത്തരം പരിശീലനരീതി അദ്ധ്യാപകരെ പരിചയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
എറണാകുളം അദ്ധ്യാപക ഭവനിൽ നടത്തിയ സമ്മേളനം മുതിർന്ന അംഗം പി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.സി. ഗോകുലദാസൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി. ഭക്തദാസ്, ഡോ. സത്യൻ, എൻ.കെ. സത്യപാലൻ, പി എസ്. മോഹനൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡോ. ഗോകുലദാസൻ പിള്ള (പ്രസിഡന്റ്), സി. ഭക്തദാസ് (സെക്രട്ടറി), ടി.കോമളകുമാരി,
കെ. പ്രഭാകരൻ, എൻ.കെ. സത്യപാലൻ (വൈസ് പ്രസിഡന്റുമാർ), ഡോ. പി. സത്യനേശൻ, ജോർജ് ജോസഫ്, പി.എസ്. മോഹനൻ, ഡോ. ഗിരീഷ്‌കുമാർ, പി.കെ.ഇബ്രാഹിം കുട്ടി (ജോ. സെക്രട്ടറിമാർ), പി. ആർ. രാമചന്ദ്രൻ (ട്രഷറർ).