
ആലുവ: 42-ാമത് സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 70 പ്ളസ് വിഭാഗത്തിൽ ആലുവ സ്വദേശി ജോസ് മാവേലി ചാമ്പ്യനായി. 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കിയാണ് നേട്ടം. അടുത്ത മാർച്ചിൽ ബംഗളൂരുവിൽ നടക്കുന്ന നാഷണൽ മീറ്റിൽ കേരളത്തിനുവേണ്ടി മത്സരിക്കാനും യോഗ്യത നേടി.
വെറ്ററൻ അത്‌ലറ്റിക് ഫെഡറേഷൻ തിരുവനന്തപുരത്താണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ജൂലായിൽ ഡൽഹിയിൽ നടന്ന ഖേലോ മാസ്റ്റേഴ്‌സ് മീറ്റിൽ 70 പ്ളസ് വിഭാഗത്തിൽ നാല് മെഡലുകൾ നേടി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യനായിരുന്നു. നിരവധി തവണ സംസ്ഥാന, ദേശീയ, ഏഷ്യൻ മീറ്റുകളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോട്‌സ് അക്കാഡമി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ 2022ലെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടംനേടി കേരളത്തിനഭിമാനമായി മാറിയ ബിബിൻ അജയൻ അടക്കം നിരവധി കുട്ടികൾ വിവിധ കായിക വിഭാഗങ്ങളിൽ ജില്ലാ സംസ്ഥാന തലത്തിൽ മികവു പുലർത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.