കളമശേരി: ഏലൂർ മുനിസിപ്പാലിറ്റിയിലെ വിവിധ തോടുകളുടെ ചെളി നീക്കം ചെയ്യുന്നതിനും പുനസംയോജനത്തിനും കലുങ്കുകളുടെ നിർമ്മാണത്തിനുമായി 2 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിക്കാണ് പ്രൊപ്പോസൽ അംഗീകരിച്ചുകൊണ്ട് ഭരണാനുമതി നൽകിയിരിക്കുന്നത്. 33 തോടുകൾക്കുമായി 15 കിലോമീറ്ററിലധികം നീളം വരുമെങ്കിലും ഈ തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കലും ചെളിയും കാരണം വെള്ളം സുഗമമായി ഒഴുകുന്നില്ല. വെള്ളക്കെട്ട് കാരണം കൃഷിയും കൃഷിയിടങ്ങളും ഏലൂരിൽ കുറഞ്ഞുവരികയാണ്. ഒപ്പം തന്നെ വെള്ളം കെട്ടിക്കിടക്കുന്നത് ഉറവയായി സമീപപ്രദേശങ്ങളിൽ ജനങ്ങളുടെ കിണറുകളിലേക്കും വെള്ളമെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തോടുകളുടെ തീരം ഇടിഞ്ഞുപോകാതിരിക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ട് ബണ്ടും നിർമ്മിക്കുന്നതിന് പദ്ധതിയിൽ അനുമതിയുണ്ട്. തകർന്നുപോയ 4 കലുങ്കുകൾ പൊളിച്ച് പുതുക്കിപ്പണിയുകയും മറ്റുള്ളവ നവീകരിക്കുകയും ചെയ്യുന്നതാണ്. മണ്ഡലത്തിലെ വെള്ളക്കെട്ടിൻ്റെ പ്രശ്നം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവെയ്പായിരിക്കും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്ന ഈ പദ്ധതിയെന്ന് പി രാജീവ് പറഞ്ഞു.