തോപ്പുംപടി: ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടതോടെ കോർപ്പറേഷനിലെ കരാറുകാർ സമരം ശക്തമാക്കുന്നു. ഇന്നലെ മേയറുടെ ചേംബറിൽ നടന്ന ചർച്ചയിലും ധാരണയാകാതെ വന്നതോടെയാണ് ടെൻഡർ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സമരക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ പൂർണമായി നിർത്തിവയ്ക്കും. കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ,കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 18 ദിവസമായി കരാറുകാർ സമരത്തിലാണ്. 2019 സെപ്‌റ്റംബർ വരെയുള്ള ബില്ലുകൾ ഈ മാസം 20നുള്ളിൽ തീർക്കുക, 2019 ലെ കുടിശിക ജനുവരിയിൽ തീർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കരാറുകാർ ഉന്നയിച്ചത്. 30നുള്ളിൽ നാല് മാസത്തെ പണം നൽകാമെന്നും മാർച്ചിനുള്ളിൽ 2019 ലെ കുടിശിക പൂർണമായും തീർക്കാമെന്നുമുള്ള മേയറുടെ വാഗ്ദാനം സമരക്കാർ തള്ളുകയായിരുന്നു.