
ആലുവ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആലുവ റെയിൽവെ സ്റ്റേഷന് പിന്നിലായി പടിഞ്ഞാറൻ കവാടം നിർമ്മിക്കണമെന്നാവശ്യം വീണ്ടും ശക്തം. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായിട്ടും രണ്ടാമതൊരു ടിക്കറ്റ് കൗണ്ടർ തുടങ്ങാൻ റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
റെയിൽവേ ആരംഭിക്കുമ്പോൾ മുന്നിലാണ് സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. ബസ് സ്റ്റാൻഡ് ദേശീയ പാതയ്ക്കരികിലേക്ക് മാറിയിട്ടും പടിഞ്ഞാറൻ കവാടം ആരംഭിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. കൂടാതെ, സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് കൊച്ചി മെട്രോ സ്‌റ്റേഷനും വന്നു. ഇവിടെയെത്തുന്ന യാത്രക്കാരും ദേശീയപാത വഴിവരുന്ന യാത്രക്കാരും രണ്ട് കിലോമീറ്റർ ദൂരം നഗരംചുറ്റിയാണ് ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
സ്റ്റേഷനിലേക്ക് വരുന്നവരും പോകുന്നവരും നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇതൊഴിവാക്കാൻ സ്റ്റേഷന് പിന്നിലായി ടിക്കറ്റ് കൗണ്ടറും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശന കവാടവും സ്ഥാപിച്ചാൽ സമയവും ഇന്ധനവും ലാഭിക്കാം. തൊട്ടടുത്ത് മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുതിനാൽ ഇവിടെ വരുന്നവർക്കും മേൽ നടപ്പാലം അനുഗ്രഹമാകും.
അതിനിടയിൽ ഇവിടെ പ്രവർത്തിക്കുന്ന സിമന്റ് ഗുഡ്സ് ഷെഡ് പൊളിച്ചു കളയേണ്ടി വരുമെന്നും ചരക്ക് ട്രെയിനുകൾക്ക് നിറുത്താനാകില്ലെന്നും ചുമട്ട് തൊഴികൾക്ക് ആശങ്കയുണ്ട്. ഗുഡ്സ് ഷെഡ് മാറ്റാതെ പദ്ധതി നടപ്പാക്കാനാകുമെന്ന രൂപരേഖ തൃശൂരിൽ സാങ്കേതിക വിഭാഗം തയ്യാറാക്കിയെങ്കിലും പ്രാവർത്തികമാക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
പാർലമെന്റിൽ ഉന്നയിക്കും: ബെന്നി ബെഹന്നാൻ എം.പി
നാളെയാരംഭിക്കുന്ന പാർലമെന്റ് സെഷനിൽ വിഷയം ഉന്നയിക്കുമെന്ന് ബെന്നി ബെഹന്നാൻ എം.പി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്ക് ഉറപ്പുനൽകി. മുനിസിപ്പൽ ഏരിയ റെസിഡന്റ് അസോസിയേഷൻ കൂട്ടായ്മയായ (അമ്രാക്), പടിഞ്ഞാറൻ കവാടം ആക്‌ഷൻ കൗൺസിൽ എന്നീ സംഘടനകളുടെ എം.പിയും എം.എൽ.എയുമായി കൂടിക്കാഴ്ച് നടത്തി.
ഭാരവാഹികളായ ഡോ. ടോണി ഫെർണാണ്ടസ്, എം.എൻ. സത്യദേവൻ, ഡോ. സി.എം. ഹൈദരാലി, സാബു പരിയാരത്ത്, പി.കെ. മുകുന്ദൻ, വി.ടി. ചാർളി തുടങ്ങിയവർ പങ്കെടുത്തു.