പാലാ: എം.ജി യൂണിവേഴ്‌സിറ്റി അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 178 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് വനിത വിഭാഗത്തിലും 207 പോയിന്റുമായി കോതമംഗലം എം.എ കോളേജ് പുരുഷ വിഭാഗത്തിലും ചാമ്പ്യന്മാരായി.
കഴിഞ്ഞ വർഷത്തെ വനിതാ വിഭാഗം ജേതാക്കളായിരുന്ന എം.എ കോളേജിനെ പരാജയപ്പെടുത്തിയാണ് അൽഫോൻസാ കോളേജ് ചാമ്പ്യന്മാരായത്.
800 മീറ്റർ പുരുഷ വിഭാഗത്തിൽ 1997 ഒളിമ്പ്യൻ കെ.ജെ മനോജ്‌ലാൽ സ്ഥാപിച്ച 1.52.79 എന്ന റെക്കോഡ് പാലാ സെന്റ് തോമസ് കോളേജിലെ എം.എസ് അനന്ദു മോൻ 1.50.29 സെക്കന്റിൽ പുതിയ റെക്കോഡ് സ്ഥാപിച്ചു.
അഞ്ജു മുരുകൻ ഹാഫ് മാരത്തണിലും കെ. ആനന്ദ് കൃഷ്ണ 10000 മീറ്ററിലും അരുൺജിത് 400 മീറ്റർ ഹർഡിൽസിലും ജിജിൽ എസ്. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലും പുതിയ റെക്കാർഡുകൾ സ്ഥാപിച്ചു.
എം എ കോളേജ് 176 പോയിന്റുമായി വനിതാ വിഭാഗത്തിലും ചങ്ങനാശേരി എസ്.ബി കോളേജ് 119 പോയിന്റുമായി പുരുഷ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. വനിതാവിഭാഗത്തിൽ അസംപ്ഷൻ കോളേജ് 84 പോയിന്റുമായും
സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി 95 പോയിന്റുമായി പുരുഷ വിഭാഗത്തിൽ മൂന്നാംസ്ഥാനത്തെത്തി.
അൽഫോൻസാ കോളേജിന്റെ സഹകരണത്തിൽ നടന്ന നാൽപതാമത് അതിലറ്റിക് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ അഡ്വ.റെജി സഖറിയ സമ്മാനദാനം നിർവഹിച്ചു.