പറവൂർ: മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻ കാവിൽ ഗണേശപുരാണ മഹായജ്ഞം പഞ്ചാഹം നാളെ തുടങ്ങും. കിഴക്കേടത്തുമന മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. പുലർച്ചെ അഞ്ചിന് അഥർവശീർഷ അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ എട്ടിന് യജ്ഞപ്രഘോഷണയാത്ര ചക്കുമരശ്ശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് നാഗയക്ഷിയമ്മൻകാവിൽ എത്തിച്ചേരും.

തുടർന്ന് ആചാരവരണം, ക്ഷേത്രംതന്ത്രി ഡോ. കാരുമാത്ര വിജയന്റെ മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ, ഗ്രന്ഥപൂജ, ഗ്രന്ഥാർച്ചനയ്ക്ക് ശേഷം ഗണേശപുരാണ പാരായണ സമാരംഭം. 8ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാല സമൂഹ മന്ത്രാർച്ചന, ഏഴിന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, 9ന് വൈകിട്ട് അഞ്ചിന് വനിതകളുടെ തിരുവാതിര.

സമാപനദിനമായ 11ന് രാവിലെ ഒമ്പതരയ്ക്ക് ശ്രീനാഗയക്ഷിയമ്മയ്ക്ക് ഹരിദ്രചൂർണാഭിഷേകം. വിശേഷാൽപൂജ, ഉച്ചയ്ക്ക് ഒന്നിന് ഗണേശപുരാണ പാരായണം സമാപ്തം തുടർന്ന് മംഗളാരതിയും പ്രസാദവിതരണവും പ്രസാദഊട്ടും നടക്കും.