ചോറ്റാനിക്കര: ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി - തലയോലപ്പറമ്പ് റൂട്ടിൽ പള്ളിത്താഴത്ത് പണികഴിപ്പിച്ച വി.എ.പള്ളിയാൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം സി.കെ.റെജി ഉദ്ഘാടനംചെയ്തു.
പള്ളിത്താഴം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് അധികൃതർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ബസ് കാത്തിരിപ്പു കേന്ദ്രം സജ്ജമാക്കിയിരുന്നില്ല. വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിനുപേർ മഴയത്തും വെയിലത്തും ഡ്രെയ്നെജ് സ്ലാബിനു മുകളിൽ നിൽക്കേണ്ട സ്ഥിതിയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രവും ബസ് സ്റ്റാൻഡിൽ വാഹനങ്ങൾക്ക് പഞ്ചിംഗ് സംവിധാനവും ബസ് ഷെൽട്ടറും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരാതി നൽകിയിട്ടും നാളിതുവരെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നില്ല. തുടർന്നാണ് ഡി.വൈ.എഫ്. ഐ പ്രവർത്തകർ പൊതുജന സഹകരണത്തോടെ ബസ് കാത്തിരുപ്പു കേന്ദ്രം നിർമ്മിച്ചത്.
ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡൻ്റ് ആതിര സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി കെ.വി. കിരൺരാജ്, മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ, സി.പി.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ സത്യൻ , മേഖലാ കമ്മിറ്റി അംഗം എം.കെ. ജിലു എന്നിവർ സംസാരിച്ചു.